നീരാവി ഉൽപാദന യന്ത്രങ്ങൾ കടലിൽ കുടുങ്ങിയ നിലയിൽ 

കൂടങ്കുളം: കടലിൽ കുടുങ്ങിയ നീരാവി ഉൽപാദന യന്ത്രം ഒരാഴ്ച കഴിഞ്ഞിട്ടും വീണ്ടെടുക്കാനായില്ല

നാഗർകോവിൽ: കൂടങ്കുളം ആണവനിലയത്തിൽ നിർമാണത്തിലിരിക്കുന്ന അഞ്ചും ആറും റിയാക്ടറുകൾക്ക് ആവശ്യമായ രണ്ട് നീരാവി ഉല്പാദനയന്ത്രങ്ങൾ (സ്‌റ്റീം ജനറേറ്റർ) കടലിൽ പാറയിടുക്കിൽ കുടുങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വീണ്ടെടുക്കാനായില്ല. ഇക്കഴിഞ്ഞ ഏഴിനാണ് റഷ്യയിൽ നിന്നും ചരക്ക് കപ്പലിൽ കൊണ്ടുവന്ന രണ്ട് നീരാവി ഉല്പാദനയന്ത്രങ്ങൾ തൂത്തുക്കുടി തുറമുഖത്ത് ഇറക്കിയത്.

300 കിലോ വീതം ഭാരമുള്ള യന്ത്രങ്ങൾ പിറ്റേന്ന് ഫ്ലോട്ടിങ് കപ്പലിൽ കൂടങ്കുളം ആണവനിലയത്തിലുള്ള ചെറിയ തുറമുഖത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു. ആണവ നിലയത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ വച്ച് ഫ്ലോട്ടിങ് കപ്പൽ പാറയിൽ തട്ടി കുടുങ്ങി.

പല ശ്രമങ്ങൾ നടത്തിയെങ്കിലും കുരുക്ക് അഴിക്കാൻ കഴിയാതെ കുടുങ്ങിയ ഫ്ലോട്ടിങ് കപ്പലിനെ വലിച്ചെടുക്കാനായി ശ്രീലങ്കയിൽ നിന്നും ടഗ്ഗ് ബോട്ട് കൊണ്ടുവന്നെങ്കിലും ശ്രമം പരാജയപ്പെട്ടു. കൊണ്ടുവന്ന ടഗ്ഗ് ബോട്ടിന് 15 ടൺ ഭാരം വലിക്കാനുള്ള ശേഷിയെ ഉള്ളൂ. 30 ടൺ വലിക്കാനുള്ള ടഗ്ഗ് ബോട്ട് വന്നാലേ കുടുങ്ങിയ സ്‌റ്റീം ജനറേറ്ററിനെ വലിച്ചെടുക്കാൻ കഴിയുകയുള്ളൂ.

ഇതിനിടയിൽ നീരാവി യന്ത്രങ്ങൾക്ക് എന്തെങ്കിലും കേടുപാട് പറ്റിയിട്ടുണ്ടോ എന്നറിയാൻ മുംബൈയിൽ നിന്ന് വിദഗ്ധരെ വരുത്തി കടലിനടിയിൽ നിന്നും ചിത്രങ്ങൾ എടുത്ത് പരിശോധിക്കുകയാണെന്ന് വിവരമുണ്ട്.

2027ൽ വൈദ്യുതി ഉല്പാദനം തുടങ്ങും എന്നാണ് കരുതിയിരുന്നതെങ്കിലും യുക്രെയിൻ യുദ്ധം കാരണം റഷ്യയിൽ നിന്നും യന്ത്രങ്ങൾ വരുന്നത് താമസിക്കുന്നതിനാൽ വൈദ്യുതി ഉല്പാദനം വൈകാനാണ് സാധ്യത. ആകെയുള്ള ആറ് റിയാക്ടറുകളിൽ രണ്ടെണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. മൂന്ന്, നാല് എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണെന്നാണ് വിവരം. അടുത്ത കാലത്തായി കൂടങ്കുളം ആണവനിലയ പ്രവർത്തനങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുന്നില്ല.

Tags:    
News Summary - Koodamkulam: The steam generator stuck in the sea could not be recovered even after a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.