കോട്ട്കപുര പൊലീസ് വെടിവെപ്പ്: പ്രകാശ് സിങ് ബാദൽ എസ്.ഐ.ടിക്ക് മുമ്പാകെ ഹാജരാകില്ല

ചണ്ഡിഗഡ്: 2015ലെ കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസിൽ ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങളാൽ 10 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും ഹാജരാകേണ്ട തീയതി മാറ്റണമെന്നും ബാദൽ ആവശ്യപ്പെട്ടു.

ജൂൺ 16ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 13നാണ് എസ്.ഐ.ടി ബാദലിന് സമൻസ് അയച്ചത്. 2018ൽ മുൻ അന്വേഷണ സംഘം പ്രകാശ് സിങ് ബാദലിനെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ കോട്ട്കപൂര വെടിവെപ്പ് കേസിൽ സംസ്ഥാനത്തിന്‍റെ അന്വേഷണം റദ്ദാക്കിയ പഞ്ചാബ്-ഹരിയാന ഹൈകോടതി, വിജയ് പ്രതാപ് സിങ് ഉൾപ്പെടാത്ത പുതിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് ഐ.ജി കുൻവർ വിജയ് പ്രതാപ് തലവനായ മൂന്നംഗ എസ്.ഐ.ടിക്ക് പഞ്ചാബ് സർക്കാർ രൂപം നൽകി.

അതേസമയം, അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കഴിഞ്ഞ ദിവസം പ്രകാശ് സിങ് ബാദൽ ആരോപിച്ചിരുന്നു.

2015ൽ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗരി ഗ്രാമത്തിൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധിച്ച നൂറുകണക്കിന് ആളുകൾക്ക് നേരെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. പൊലീസ് നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകാശ് സിങ് ബാദലായിരുന്നു അന്ന് സംസ്ഥാനം ഭരിച്ച ശിരോമണി അകാലിദൾ-ബി.ജെ.പി സഖ്യ സർക്കാറിന്‍റെ മുഖ്യമന്ത്രി.

Tags:    
News Summary - Kotkapura firing case: Parkash Singh Badal not to appear before SIT on June 16 citing health reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.