കൊൽക്കത്ത: വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുമായ കൗശാനി മുഖർജിക്കെതിരെ ബി.ജെ.പി പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൗശാനി നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.
കൗശാനിയുടെ വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 'നിങ്ങൾ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ദയവായി ചിന്തിക്കൂ. നിങ്ങൾക്ക് മാതാവുണ്ട്. വീട്ടിൽ സഹോദരിയുണ്ട്' -എന്നു പറയുന്നതാണ് വിഡിയോ.
ബി.ജെ.പിയുടെ വോട്ടർമാരെ കൗശാനി പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് ബി.െജ.പി ബംഗാൾ വൈസ് പ്രസിഡന്‍റ് റിതേഷ് തിവാരി പറഞ്ഞു. വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റിതേഷിന്‍റെ ട്വീറ്റ്.
'പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിനായി തൃണമൂൽ നേതാക്കൾ എപ്പോഴും ബലാത്സംഗ ഭീഷണികൾ ഉയർത്തികാണിക്കുന്നു. പക്ഷേ ഈ സമയം ആരും പേടിക്കില്ല' -റിതേഷ് ട്വീറ്റ് ചെയ്തു.
അതേസമയം തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും വിഡിയോയുടെ ഒരു ഭാഗം മാത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും കൗശാനി പ്രതികരിച്ചു.
'തെന്റ പ്രചാരണവിഡിയോ ബി.െജ.പി സൗകര്യപൂർവം എഡിറ്റ് ചെയ്ത് ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നു. സ്ത്രീകൾ ബംഗാളിൽ സുരക്ഷിതരാണെന്നാണ് പറഞ്ഞതിന് അർഥം. കേന്ദ്രത്തിന്റെ കണക്കുകളിലേക്ക് നോക്കൂ. ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു ഇടം ബംഗാളാണ്. എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം ദിവസവും ഓരോ ബലാത്സംഗം നടക്കുന്നു. സ്ത്രീകളെ സംരക്ഷിക്കാൻ ദീദിക്ക് (മമത ബാനർജി) വോട്ട് ചെയ്യണം' -കൗശാനി ഫേസ്ബുക് ലൈവിൽ പറഞ്ഞു.
രണ്ടുമാസം മുമ്പാണ് കൗശാനി മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. കൃഷ്ണനഗർ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.