ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി-സോ വിഭാഗത്തിന്റെ റാലിക്കിടെ സംഘർഷം. ഗോത്ര വിഭാഗങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം റാലി നടന്നത്. പ്രത്യേക ഭരണകൂടമെന്ന ആവശ്യം ഉയർത്തിയായിരുന്നു റാലി. മുഖ്യമന്ത്രി എൻ.ബിരേൻ സിങ് മോശം പരാമർശങ്ങൾ നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് കുക്കി-സോ വിഭാഗത്തിന്റെ പ്രതിഷേധം.
കുക്കികളുടെ സമരം നടക്കുന്നതിനിടെ അജ്ഞാതർ ബി.ജെ.പി വക്താവ് മിഷേൽ ലാംജതാങ്ങിന്റെ വീടിന് തീയിടുകയായിരുന്നു. ചുരചാന്ദ്പൂർ ജില്ലയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഗോത്രവിഭാഗങ്ങൾക്ക് സ്വാധീനമുള്ള ചുരചാന്ദ്പൂർ, കാങ്പോപി, തെൻഗോപാൽ ജില്ലകളിലാണ് പ്രതിഷേധം നടന്നത്.
ആയിരക്കണക്കിനാളുകളാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. റാലിയെ തുടർന്ന് പ്രദേശത്തെ മുഴുവൻ മാർക്കറ്റുകളും സ്കൂളുകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കുക്കി വിദ്യാർഥി സംഘടനകളും റാലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
മണിപ്പൂരിൽ 2023 മെയിലാണ് കലാപം തുടങ്ങിയത്. കുക്കി-മെയ്തേയി വിഭാഗങ്ങൾ തമ്മിലായിരുന്നു സംഘർഷം. കലാപത്തിൽ 200ലേറെ പേർ മരിക്കുകയും 1500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 60,000 പേർക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.