പോണ്ടിച്ചേരി: ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ ഏറിയെന്ന വാർത്തകൾ വരുമ്പോൾ തമിഴ്നാട്ടിൽ നിന്നിതാ ഒരു സ്നേഹ വാ ർത്ത. അർബുദ രോഗിയായ ഭാര്യയെ കീമോതെറാപ്പിക്ക് വേണ്ടി കൊണ്ടുപോകാൻ ദിവസ വേതനക്കാരനായ 65കാരൻ സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്ററാണ്. തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തിൽ കാർഷിക തൊഴിലാളിയായ അറിവഴകൻ ആണ് ഭാര്യ മഞ്ജുളയെ (60) പോണ്ടിച്ചേരിയിലുള്ള ആശുപത്രി വരെ സൈക്കിളിൽ കൊണ്ടു പോയത്. മറ്റ് ഗതാഗതസൗകര്യങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ എതിർത്തിട്ടും ദമ്പതിമാർ സൈക്കിളിൽ യാത്ര തിരിച്ചത്.
മഞ്ജുളയുടെ മൂന്നാം കീമോതെറാപ്പി മാർച്ച് 31നാണ് പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മെർ) നിശ്ചയിച്ചിരുന്നത്. ഇതിനായി മാർച്ച് 30ന് രാത്രിയാണ് മഞ്ജുളയെ പിന്നിലിരുരുത്തി അറിവഴകൻ സൈക്കിൾ ചവിട്ടാൻ ആരംഭിച്ചത്. പിന്നിലിരിക്കുന്ന ഭാര്യ വീണുപോകാതിരിക്കാനായി ഒരു കയർ ഉപയോഗിച്ച് അവരെ തെൻറ ദേഹത്തോട് ചേർത്ത് കെട്ടിയിരുന്നു. പിറ്റേന്ന് രാവിലെ കുറിഞ്ഞിപ്പടിയിൽ പ്രഭാത ഭക്ഷണം കഴിക്കാൻ മാത്രമാണ് നിർത്തിയത്. രാത്രി ഒന്നു രണ്ടിടത്ത് പൊലീസ് തടഞ്ഞു. മഞ്ജുളയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ യാത്ര തുടരാൻ പൊലീസ് അനുവദിച്ചു.
കൃത്യസമയത്ത് ആശുപതിയിൽ എത്തിയെങ്കിലും കോവിഡ് ലൗക്ക്ഡൗണിെൻറ ഭാഗമായി ഒ.പി വിഭാഗവും റീജ്യണൽ കാൻസർ സെൻററും അടച്ചിരുന്നു. എന്നാൽ ഇരുവരുടെയും കഷ്ടപ്പാട് അറിഞ്ഞ ആശുപത്രി അധികൃതർ ആവശ്യമുള്ള ചികിത്സ ഉറപ്പാക്കി.
അറിവഴകെൻറ സ്നേഹത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിച്ച ഡോക്ടർമാർ ചികിത്സക്ക് ശേഷം മടങ്ങാനുള്ള സൗകര്യവും ഒരുക്കി കൊടുത്തു. 'ഞങ്ങൾ എത്തിയ ദിവസം ആശുപത്രി അടച്ചെങ്കിലും ഭാര്യക്ക് ആവശ്യമായ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ ഞങ്ങളെ വീട്ടിലേക്ക് മടങ്ങാനും സഹായിച്ചു. അവർ പണം ശേഖരിക്കുകയും ആംബുലൻസ് ക്രമീകരിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകളും നൽകി- അറിവഴകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.