നയതന്ത്ര പിന്തുണയില്ലെന്ന്; ഇന്ത്യയിലെ അഫ്ഗാൻ എംബസി പ്രവർത്തനം നിർത്തി

ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചു. ശനിയാഴ്ച ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 'അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ന്യൂഡൽഹിയിലെ അഫ്ഗാനിസ്താൻ എംബസി പ്രവർത്തനം നിർത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്' -പ്രസ്താവനയിൽ പറയുന്നു. ആതിഥേയ സർക്കാരിൽ നിന്നുള്ള പിന്തുണയുടെ അഭാവം, അഫ്ഗാൻ താൽപര്യങ്ങൾ നിറവേറ്റുന്നതിലെ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം എന്ന് എംബസി അറിയിച്ചു.

അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ദീർഘകാല പങ്കാളിത്തവും കണക്കിലെടുത്ത് വളരെ ഖേദകരമാണെങ്കിലും ഈ തീരുമാനം അനിവാര്യമാണെന്ന് എംബസി കൂട്ടിച്ചേർത്തു. എംബസിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രധാന ഘടകങ്ങളും എംബസി പ്രസ്താവനയിൽ പട്ടികപ്പെടുത്തി. അവ അടച്ചുപൂട്ടലിന്‍റെ പ്രാഥമിക കാരണങ്ങളാണെന്നും പറഞ്ഞു.

ഇന്ത്യയിൽ നയതന്ത്ര പിന്തുണയുടെ അഭാവമുണ്ടെന്നും കാബൂളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിന്‍റെ അഭാവമുണ്ടെന്നും എംബസി പറഞ്ഞു.

നയതന്ത്രജ്ഞർക്ക് മറ്റ് നിർണായക സഹകരണ മേഖലകളിലേക്കുള്ള വിസ പുതുക്കുന്നതിൽ നിന്ന് സമയബന്ധിതവും മതിയായതുമായ പിന്തുണ ലഭിക്കാത്തത് നിരാശാവഹമാണ്. ഇത് പതിവ് ചുമതലകൾ ഫലപ്രദമായി നിർവഹിക്കാനുള്ള ഞങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്തു. എംബസിയുടെ കസ്റ്റോഡിയൽ അതോറിറ്റി ആതിഥേയ രാജ്യത്തേക്ക് മാറ്റുന്നത് വരെ അഫ്ഗാൻ പൗരന്മാർക്കുള്ള അടിയന്തര കോൺസുലർ സേവനങ്ങൾ പ്രവർത്തനക്ഷമമായിരിക്കും -പ്രസ്താവനയിൽ പറയുന്നു.

ന്യൂഡൽഹിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തെ (എം.ഇ.എ) നേരത്തെ അറിയിച്ചിരുന്നതായി എംബസി അറിയിച്ചു. ഇന്ത്യയിൽ താമസിക്കുന്നതും ജോലി ചെയ്യുന്നതും പഠിക്കുന്നതും വ്യാപാരം ചെയ്യുന്നതും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായ അഫ്ഗാനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാരിനോട് എംബസി അഭ്യർഥിക്കുകയും ചെയ്തു. അഫ്ഗാൻ എംബസിയിലെ അംബാസഡറും മറ്റ് മുതിർന്ന നയതന്ത്രജ്ഞരും ഇന്ത്യ വിട്ട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും അഭയം പ്രാപിച്ചതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. അഞ്ച് അഫ്ഗാൻ നയതന്ത്രജ്ഞരാണ് ഇന്ത്യ വിട്ടത്.

Tags:    
News Summary - lack of diplomatic support; Afghan Embassy in India has stopped functioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.