ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹത്തിന് വിശിഷ്ടാതിഥിയായി ഇന്ത്യൻ ബാങ്കുകളിൽനിന്ന് കോടികൾ തട്ടി മുങ്ങിയ ലളിത് മോദിയും. വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നാം എൻ.ഡി.എ സർക്കാറിന്റെ സോളിസിറ്റർ ജനറൽ ആയിരുന്ന ഹരീഷ് സാൽവെ ലളിത് മോദിക്കും ഭാര്യക്കുമൊപ്പം ചിയേഴ്സ് വിളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലളിത് മോദിയെയും ഭാര്യയെയും കൂടാതെ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവരും സാൽവെയുടെ വിവാഹ ചടങ്ങിനെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം ഹരീഷ് സാൽവെയെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉന്നതാധികാര സമിതിയിൽ അംഗമാക്കി കേന്ദ്ര സർക്കാർ വിജഞാപനമിറക്കിയതിന് തൊട്ടുപിറ്റേന്നായിരുന്നു സാൽവെയുടെ മൂന്നാം വിഹം ലണ്ടനിൽ നടന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹരജികളിൽ ഹരീഷ് സാൽവെ കേന്ദ്ര സർക്കാറിന്റെ പക്ഷത്ത് നിന്നാണ് വാദിക്കുന്നത്. കേന്ദ്ര സർക്കാറുമായുള്ള കൃഷ്ണ ഗോദാവരി ബേസിൻ കേസിൽ മുകേഷ് അംബാനിയുടെ അഭിഭാഷകനായിരുന്നു.
ട്രിനയാണ് 68കാരനായ സാൽവെയുടെ മൂന്നാം ഭാര്യ. 38 വർഷത്തെ ദാമ്പത്യത്തിന് ശേഷം ആദ്യ ഭാര്യ മീനാക്ഷിയെ 2020ലാണ് ഹരീഷ് സാൽവെ വിവാഹ മോചനം ചെയ്തത്. അതിൽ സാക്ഷി, സാനിയ എന്നീ രണ്ട് പെൺമക്കളുണ്ട്. അതിന് ശേഷം കരോളിൻ ബ്രോസാർഡ് എന്ന വിദേശ വനിതയെ സാൽവെ വിവാഹം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.