ഇ​ട​ർ​ച്ച​യി​ല്ലാ​തെ പൊ​രു​തി ​നി​ന്ന ക​മ്യൂ​ണി​സ്റ്റി​ന് ലാ​ൽ​സ​ലാം

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ ഇടതോരത്ത് ഇടർച്ചയില്ലാതെ പൊരുതിനിന്ന സൗമ്യനായ കമ്യൂണിസ്റ്റിന് ലാൽസലാം. രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഇടതു പാർട്ടിയായ സി.പി.എമ്മിനെ ഒമ്പതു വർഷമായി നയിക്കുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങി. 

പനിയെ തുടർന്ന് ആഗസ്റ്റ് 19ന് എയിംസിൽ പ്രവേശിച്ചതുമുതൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇടക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി. അണുബാധയെ പ്രതിരോധിക്കാനുള്ള മരുന്ന് വിദേശത്തുനിന്ന് എത്തിച്ച് നൽകിയെങ്കിലും ശരീരം പ്രതികരിച്ചില്ല. അടുത്തിടെ തിമിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 

സർവേശ്വര സോമയാജി യെച്ചൂരി, കൽപകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്റ്റ് 12ന് ചെന്നൈയിലാണ് യെച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിൽനിന്ന് ജാതി മുറിച്ചുമാറ്റി, സീതാറാം യെച്ചൂരിയായി. 10ാം ക്ലാസ് വരെ ഹൈദരാബാദിൽ പഠിച്ച യെച്ചൂരി ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ഗവേഷണത്തിന് ചേർന്നെങ്കിലും സജീവരാഷ്ട്രീയത്തിലേക്ക് വഴിമാറിയതോടെ പഠനം പൂർത്തിയാക്കിയില്ല. ജെ.എൻ.യു ഇടത് ഭൂമികയാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. മൂന്നുതവണ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റ് പദം വഹിച്ചു. ജെ.എൻ.യു പഠനകാലത്ത് 1974ലാണ് എസ്.എഫ്.ഐ അംഗമായത്. വിദ്യാർഥി നേതാവായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. 1978ൽ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പദവിയിലെത്തി.

1985ൽ 12ാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗമായി. 1992ൽ നടന്ന പതിനാലാം പാർട്ടി കോൺഗ്രസ് സമ്മേളനത്തോടെ പോളിറ്റ് ബ്യൂറോയിൽ എത്തി. 2015ൽ വിശാഖപട്ടണത്ത് നടന്ന 21ാം പാർട്ടി കോൺഗ്രസിലാണ്‌ പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി യെച്ചൂരി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018ൽ ഹൈദരാബാദ്, 2022ൽ കണ്ണൂർ പാർട്ടി കോൺഗ്രസുകളിലും ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം വകുപ്പുകളിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ സുപ്രധാന റിപ്പോർട്ടുകൾ തയാറാക്കുന്നതിന്‌ നേതൃത്വം നൽകി. 1996ലെ ഐക്യമുന്നണി സർക്കാറിന്റെയും 2004ലെ ഒന്നാം യു.പി.എ സർക്കാറിന്റെയും രൂപവത്കരണത്തിൽ നിർണായക പങ്കുവഹിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തക സീമ ചിസ്തിയാണ് ജീവിതപങ്കാളി. യു.കെയിൽ സർവകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവർത്തകനായിരുന്ന പരേതനായ ആശിഷ്‌ യെച്ചൂരി, ഡാനിഷ് യെച്ചൂരി എന്നിവർ മക്കളാണ്.

എയിംസിൽ സൂക്ഷിച്ച ഭൗതിക ശരീരം വെള്ളിയാഴ്ച വസന്ത്കുഞ്ജിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെക്കും. ശനിയാഴ്ച രാവിലെ 11 മുതൽ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിൽ പൊതുദർശനം. വൈകീട്ട് മൂന്നിന് പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്കുശേഷം മൃതദേഹം എയിംസിന് വൈദ്യപഠനത്തിനായി വിട്ടുനൽകും.

Tags:    
News Summary - Lalsalam to the Sitaram Yechury who fought without conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.