ന്യൂഡല്‍ഹി: 1964ലെയും 1993ലെയും ഭൂ പതിവ് ചട്ടം അനുസരിച്ച് പാർപ്പിടാവശ്യത്തിനും കാർഷികാവശ്യത്തിനും മാത്രമേ പട്ടയ ഭൂമി ഉപയോഗിക്കാവൂ എന്ന നിയമം കേരളത്തിലെ എല്ലാ ജില്ലകൾക്കും ബാധകമായി. നിയമം ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകൾക്ക് മാത്രം ബാധകമാക്കി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ കേരള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഇടുക്കിയല്ലാത്ത കേരളത്തിലെ മറ്റ് ജില്ലകളിലും പട്ടയ ഭൂമി ഇല്ലേ എന്ന് സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ച ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് ഭൂ പതിവ് നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കേരളത്തിലാകെ നടപ്പാക്കാനുള്ള ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമർപ്പിച്ച അപ്പീൽ തള്ളി.
പാർപ്പിടാവശ്യത്തിനും കാർഷികാവശ്യത്തിനും മാത്രം ഭൂവിനിയോഗത്തിന് അനുമതി നൽകുന്ന പട്ടയം ഉപയോഗിച്ച് വാണിജ്യസ്ഥാപനങ്ങളുണ്ടാക്കുകയും മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ കേരള ഹൈകോടതി 2010ൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുമെന്ന്
ഇടുക്കി കലക്ടർ 2016 ജൂൺ ഒമ്പതിന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതു കൂടാതെ 2019 സെപ്റ്റംബർ 25ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പട്ടയത്തിൽ വ്യക്തമാക്കിയ ആവശ്യത്തിനു മാത്രമേ കെട്ടിട നിർമാണത്തിന് വില്ലേജ് ഓഫിസർ അനുമതി നൽകാവൂ എന്നും അതിെൻറ അടിസ്ഥാനത്തിൽ നിർമാണ ഉേദ്ദശ്യം വ്യക്തമാക്കുന്ന സാക്ഷ്യപത്രം വില്ലേജ് ഓഫിസർ നൽകണമെന്നും നിർദേശിച്ചു.
ഇടുക്കിക്ക് മാത്രം ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ ലാലി ജോര്‍ജ് അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിൽ നിയമവും നിയന്ത്രണവും കേരളത്തിന് മൊത്തം ബാധകമാക്കി ഹൈകോടതി ജനുവരി 30ന് ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പട്ടയത്തിൽ നിഷ്കർഷിച്ച ആവശ്യത്തിനുള്ള കെട്ടിട നിർമാണത്തിനേ പെർമിറ്റ് നൽകാവൂ എന്നും ഇക്കാര്യം വ്യക്തമാക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം പെർമിറ്റിന് നിർബന്ധമാണെന്നും വിധിച്ചു. മൂന്നാഴ്ചക്കകം വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നൽകണം.
കേരളം മുഴുവൻ നിയമവും നിയന്ത്രണവും ബാധകമാക്കണമെന്ന തങ്ങളുടെ വിധി നടപ്പാക്കാതിരുന്നതിന് കേരള സർക്കാറിനെതിരെ ഹൈകോടതി കോടതിയലക്ഷ്യ നടപടിക്ക് തുടക്കമിട്ടു.
ഇതിനെ തുടർന്നാണ് ഹൈകോടതി വിധി റദ്ദാക്കി നിയന്ത്രണം ഇടുക്കിക്ക് മാത്രമായി പരിമിതപ്പെടുത്താനും കോടതിയലക്ഷ്യ നടപടിയിൽനിന്ന് രക്ഷപ്പെടാനും സർക്കാർ സുപ്രീംകോടതിയിലെത്തിയത്. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ മാത്രം നിർമാണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ 14ാം അനുഛേദത്തിെൻറ ലംഘനമാണെന്ന് ഹൈകോടതിയിലെ ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് പി. ചിദംബരവും, അഭിഭാഷകന് മാത്യു കുഴല്‍നാടനും വാദിച്ചു. ഈ വാദം അംഗീകരിച്ച് സംസ്ഥാന സർക്കാറിെൻറ രണ്ട് ആവശ്യങ്ങളും തള്ളിയ സുപ്രീംകോടതി പട്ടയ ഭൂമിയുടെ കാര്യത്തിലുള്ള നിയന്ത്രണം കേരളത്തിലെ 14ജില്ലകളിലും നടപ്പാക്കണമെന്ന ഹൈകോടതി ഉത്തരവ് ശരിവെച്ചു. ൈഹെകോടതിയുടെ കോടതിയലക്ഷ്യ നടപടിയിൽ ഇടെപടാൻ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.