ന്യൂഡൽഹി: നിർണായകമായ ഒത്തുതീർപ്പുചർച്ച വ്യാഴാഴ്ച നടക്കാനിരിെക്ക, സർക്കാറിന് കർഷകരുടെ അന്ത്യശാസനം. കർഷകർക്ക് ദ്രോഹകരമായ മൂന്നു വിവാദ കാർഷിക നിയമങ്ങളും പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം വിപുലപ്പെടുത്തുമെന്ന് സമരനേതാക്കൾ മുന്നറിയിപ്പ് നൽകി. എട്ടു ദിവസം പിന്നിട്ട സമരത്തിെൻറ ഭാഗമായി ശനിയാഴ്ച ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഡൽഹിയിലേക്കുള്ള വഴികൾ അടക്കും. സമരം പഞ്ചാബ് കർഷകരുടേതു മാത്രമാക്കി കർഷകരെ ഭിന്നിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. അത് നടക്കില്ലെന്ന് ക്രാന്തികാരി കിസാൻ യൂനിയൻ പ്രസിഡൻറ് ഡോ. ദർശൻപാൽ വ്യക്തമാക്കി.
കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽനിന്ന് ഒരടി പിറേകാട്ടുപോവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കേന്ദ്രത്തിനുള്ള അവസാന അവസരമാണ്. വിവാദ നിയമങ്ങളിലെ ഓരോ വകുപ്പും ചെയ്യുന്ന ദോഷം ചർച്ചയിൽ സർക്കാറിന് എഴുതി നൽകും.
കർഷകപ്രക്ഷോഭത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) മുന്നറിയിപ്പ് നല്കി. ഡിസംബര്‍ എട്ടു മുതൽ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കും.
ഇത് രാജ്യവ്യാപകമാക്കുമെന്ന് എ.ഐ.എം.ടി.സി പ്രസിഡൻറ് കുല്‍തരണ്‍ സിങ് അത്വാള് പറഞ്ഞു. ഉത്തർപ്രദേശിൽനിന്നു ഡൽഹിയിലേക്കുള്ള പ്രധാനപാത ബുധനാഴ്ച കർഷകർ ഉപരോധിച്ചു.
മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്ന് കർഷകർ ഡൽഹിയിലേക്കു പുറപ്പെട്ടു. തിക്രി, സിംഘു അതിർത്തികളിലേക്ക് പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും കർഷകർ ഒഴുകുകയാണ്. കർഷകർക്കുവേണ്ടി തെരുവിലിറങ്ങാൻ പാർട്ടിപ്രവർത്തകരോട് ആർ.ജെ.ഡി ആഹ്വാനം ചെയ്തു. സമരത്തിന് െഎക്യദാർഢ്യവുമായി ഡൽഹിയിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ എത്തി. പഞ്ചാബിൽനിന്നുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചണ്ഡിഗഢിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.
അതിർത്തി ഉപരോധത്തെ തുടർന്ന് ഡൽഹിയിലേക്കുള്ള ചരക്കുനീക്കം സാരമായി ബാധിച്ചു. അടുത്ത ദിവസങ്ങളിൽ പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങൾക്ക് വില ഉയർന്നേക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
അതിനിടെ, പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള വഴി തേടി രംഗത്തിറങ്ങിയ ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽവേ-വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി ബുധനാഴ്ച വീണ്ടും ചർച്ച നടത്തി. രണ്ടാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് യോഗം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു ചൊവ്വാഴ്ച നടന്ന ചർച്ചയിൽ കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. ഇൗ ആവശ്യം കർഷകനേതാക്കൾ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.