ലഖ്നോ: ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച തങ്ങൾക്ക് നേരെ യു.പി പൊലീസ് ലാത്തിവീശിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ് ലാത്തിവീശുകയും തന്നെ തള്ളിയിടുകയും ചെയ്തു. ഈ രാജ്യത്ത് മോദിക്ക് മാത്രമാണോ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാൻ അനുമതിയുള്ളൂയെന്നും രാഹുൽ ചോദിച്ചു.
''ഇപ്പോൾ പൊലീസ് എന്നെ തള്ളിയിട്ടു, ലാത്തിചാർജ് നടത്തി. മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാൻ പറ്റൂ എന്നാണ് ചോദിക്കാനുള്ളത്. ഒരു സാധാരണ വ്യക്തിക്ക് റോഡിലൂടെ നടക്കാൻ പറ്റില്ലേ? പൊലീസ് ഞങ്ങളുടെ വാഹനം നിർത്തിയതിനാൽ ഞങ്ങൾ കാൽനടയായി യാത്രതുടരുകയാണ്. പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ല''- രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹഥ്രസിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഗ്രേറ്റർ നോയിഡയിലെ അതിർത്തിയിൽ വെച്ച് ഉത്തർപ്രദേശ് പൊലീസ് തടയുകയായിരുന്നു. പൊലീസിന്‍റെ വിലക്ക് ലംഘിച്ച് റോഡിലിറങ്ങിയ രാഹുലും പ്രിയങ്കയും യമുന എക്സ്പ്രസ് ഹൈവേയിലൂടെ പ്രവര്‍ത്തകരോടൊപ്പം നടക്കുകയാണ്. ഇവിടുന്ന് ഹഥ്രസിലെത്താൻ 142 കിലോമീറ്റർ യാത്ര ചെയ്യണം.
കഴിഞ്ഞ വർഷം ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയെ സന്ദർശിക്കാൻ എത്തിയപ്പോഴും യു.പി പൊലീസിൽ നിന്ന് ഇതേ പെരുമാറ്റമാണ് അനുഭവിച്ചതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. യു.പിയിലെ സ്ഥിതിയിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. ഇവിടെ കാട്ടുനീതി തുടരുകയാണെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.