ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പുവരുത്താൻ രാജ്യദ്രോഹ നിയമം അനിവാര്യമാണെന്ന് നിയമ കമീഷൻ ചെയർമാൻ ജസ്റ്റിസ് ഋതുരാജ് അശ്വതി. കശ്മീർ മുതൽ കേരളം വരെയും പഞ്ചാബ് മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെയുമുള്ള സ്ഥലങ്ങളിലെ സാഹചര്യം പരിശോധിക്കുമ്പോൾ നിയമം അനിവാര്യമാണെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നിയമത്തിന്റെ ദുരുപയോഗം തടയാൻ മതിയായ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ, ദേശീയ സുരക്ഷ നിയമം എന്നിവ നിലവിലുണ്ടെങ്കിലും രാജ്യദ്രോഹക്കുറ്റങ്ങൾക്ക് ഇവ പര്യാപ്തമല്ല.
അതിനായി ‘രാജ്യദ്രോഹ’ നിയമം ആവശ്യമാണ്. കൊളോണിയൽ നിയമമാണെന്നതിന്റെ പേരിൽ മാത്രം അത് പുനഃപരിശോധിക്കേണ്ടതില്ല. അമേരിക്ക, കാനഡ, ആസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾക്ക് അവരുടേതായ നിയമങ്ങളുണ്ട്. ശിക്ഷ വർധിപ്പിക്കണമെന്ന് നിയമ കമീഷൻ ശിപാർശ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മേയിൽ സുപ്രീംകോടതി നിയമം മരവിപ്പിച്ചിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച് പഠിച്ച് ശിപാർശ നൽകാൻ നിയമ കമീഷനെ ചുമതലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.