ഡൽഹി: അഭിഭാഷകരുടെ സംരക്ഷണത്തിനായി പുതിയ പദ്ധതികൾ വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ആപ് അധികാരത്തിലെത്തുകയാണെങ്കിൽ അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്നും പുതിയ നിയമ ബിരുദധാരികൾക്ക് പ്രതിമാസം 5,000 രൂപ സ്റ്റൈപ്പന്റ് നൽകുമെന്നും കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്ത് സന്ദർശനത്തിനെത്തിയ കെജ്‌രിവാൾ തിങ്കളാഴ്ച അഹമ്മദാബാദ് ടൗൺ ഹാളിൽ അഭിഭാഷകരെ അഭിസംബോധന ചെയ്യവെയാണ് വാഗ്ദാനങ്ങൾ നൽകിയത്. "അഭിഭാഷകർ വളരെ ശക്തരാണ്. എല്ലാ വക്കീലന്മാരും ഒറ്റക്കെട്ടായി ദൃഢനിശ്ചയം ചെയ്‌താൽ ഏത് പാർട്ടിയെയും ജയിപ്പിക്കാനും തോൽപ്പിക്കാനും കഴിയും. എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്"- കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്തിൽ അധികാരത്തിൽവന്നാൽ അഴിമതി രഹിത ഭരണം ഉറപ്പുവരുത്തുമെന്ന് കെജ്രിവാൾ മറ്റൊരു ചടങ്ങിൽ പറഞ്ഞു. ഗുജറാത്ത് അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. അഴിമതിയെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. താഴെത്തട്ടുമുതൽ ഉയർന്നതലം വരെ അഴിമതി വ്യാപിച്ചിരിക്കുന്നു.
ഗുണ്ടായിസത്തിനും അഴിമതിക്കും ആം ആദ്മി സർക്കാർ അറുതിവരുത്തും. ബി.ജെ.പി മന്ത്രിമാരുടെ അനധികൃത വ്യാപാരങ്ങളും അഴിമതിയും സംബന്ധിച്ച് അന്വേഷണമുണ്ടാകും. തിരിച്ചുപിടിക്കുന്ന അനധികൃതസമ്പാദ്യം ജനത്തിന് മികച്ച വിദ്യാഭ്യാസവും കുറഞ്ഞ നിരക്കിൽ വൈദ്യുതിയും നൽകാൻ വിനിയോഗിക്കും. കാര്യം നടക്കാൻ സർക്കാർ ഓഫിസുകളിൽ കൈക്കൂലി നൽകണമെന്ന വ്യവസ്ഥ അവസാനിപ്പിക്കുമെന്നും കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.