മുംബൈ: പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ സജീവമായിരുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം മുംബൈയിലും കാലുറപ്പിക്കുന്നു. എൻ.സി.പി നേതാവും നടൻ സൽമാൻ ഖാന്റെ ആത്മസുഹൃത്തുമായ ബാബ സിദ്ദീഖിയാണ് മുംബൈയിലെ അവരുടെ ആദ്യ ഇര. ഏതാനും മാസങ്ങളായി സൽമാൻ ഖാനുള്ള ഭീഷണിക്കത്തുകളിലൂടെ നിറഞ്ഞുനിന്ന ബിഷ്ണോയ് സംഘം ആറു മാസം മുമ്പ് അദ്ദേഹത്തിന്റെ വീടിനു നേരെ വെടിയുതിർത്ത് പേടിപ്പിക്കുകയും ചെയ്തു.
ഛോട്ടാ രാജനും രവി പൂജാരിയും പിടിയിലായതിനു ശേഷം അവരുടേതിന് സമാനമായ ഭീഷണികളും ആക്രമണങ്ങളുമായി ബിഷ്ണോയി സംഘം പുതിയ ലാവണം തേടുകയായിരുന്നു. രാജനെയും പൂജാരിയെയും പോലെ മതവും ദേശീയതയും ഈ സംഘവും പ്രയോഗിക്കുന്നു. ബിഷ്ണോയി സമുദായത്തിന്റെ ദിവ്യ മൃഗമായ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിൽ സൽമാൻ മാപ്പു ചോദിക്കാത്തതാണ് തുടർച്ചയായ ഭീഷണികൾക്ക് കാരണമായി ബിഷ്ണോയി സംഘം പറയുന്നത്.
2022ൽ പഞ്ചാബിലെ കോൺഗ്രസ് നേതാവും റാപ്പറുമായ സിദ്ധു മുസെവാലയുടെ കൊലപാതകത്തിലൂടെയാണ് ബിഷ്ണോയ് സംഘം കൂടുതൽ ശ്രദ്ധ നേടുന്നത്. നിലവിൽ ലോറൻസ് ബിഷ്ണോയ് ഗുജറാത്തിലെ സബർമതി ജയിലിലാണെങ്കിലും അമേരിക്ക, കാനഡ എന്നിവിടങ്ങളിൽനിന്ന് സഹോദരൻ അൻമോൽ ബിഷ്ണോയിയും ഗോൾഡി ബ്രാർ, രോഹിത് ഗൊദാര എന്നിവരുമാണ് സംഘത്തെ നയിക്കുന്നത്. ജയിൽ ബന്ധങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഷൂട്ടർമാരെ കണ്ടെത്തി കൃത്യം നടപ്പാക്കുന്നതാണ് രീതി. ബാബ സിദ്ദീഖിക്കു നേരെ വെടിയുതിർത്തവരുമായി ജയിലിൽനിന്നുള്ള ബന്ധമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.