ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി ഗൗരാങ് കാന്തിനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് അഭിഭാഷകർ തിങ്കളാഴ്ച പണിമുടക്കി. ജഡ്ജിമാരുടെ കുറവ് കേസുകൾ കെട്ടിക്കിടക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈകോർട്ട് ബാർ അസോസിയേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് ഗൗരാങ് കാന്ത് അടക്കം വിവിധ ഹൈകോടതികളിലെ മൂന്ന് ജഡ്ജിമാരെ സ്ഥലംമാറ്റാൻ തീരുമാനിച്ചത്.
മധ്യപ്രദേശ്, രാജസ്ഥാൻ ഹൈകോടതികളിലേക്കോ തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കോ മാറ്റം വേണമെന്ന് നേരത്തെ ജസ്റ്റിസ് ഗൗരാങ് കാന്ത് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് സുപ്രീംകോടതി കൊളീജിയം കൊൽക്കത്തയിലേക്ക് സ്ഥലംമാറ്റിയത്.
സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ ശനിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. പണിമുടക്ക് ആഹ്വാനത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്.
അതേസമയം, കോടതികളുടെ പ്രവർത്തനത്തെ ബാധിക്കുംവിധം നടക്കുന്ന അഭിഭാഷകരുടെ പണിമുടക്കിനെതിരെ സുപ്രീംകോടതി രംഗത്തെത്തി. കഴിഞ്ഞ ഒരുവർഷത്തിനിടെ അഭിഭാഷകർ പണിമുടക്കിയപ്പോൾ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.