ഹരിയാനയിൽ കോൺഗ്രസിന്‍റെ ചടുലനീക്കം; ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഭുപീന്ദർ സിങ് ഹൂഡ

ചണ്ഢിഗഡ്: ഹരിയാനയിലെ ബി.ജെ.പി സർക്കാർ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭുപീന്ദർ സിങ് ഹൂഡ. നാളെ രാജ് ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്താനാണ് ഹൂഡ അനുമതി തേടിയത്.

ഭുപീന്ദർ സിങ് ഹൂഡക്കൊപ്പം കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ഉപനേതാവ് അഫ്താഫ് അഹ്മദും കോൺഗ്രസ് ചീഫ് വിപ്പ് ബി.ബി. ബത്രയും മറ്റ് കോൺഗ്രസ് നേതാക്കളും ഗവർണറുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിനിധികൾ ഗവർണർക്ക് നിവേദനം നൽകും.

കഴിഞ്ഞ ദിവസം മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെയാണ് മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഭരണപ്രതിസന്ധി നേരിട്ടത്. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോൺഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്.

മൂന്ന് അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസിന് 34 പേരുടെ പിന്തുണയായി.

കഴിഞ്ഞ മാർച്ചിൽ ജെ.ജെ.പി ബി.ജെ.പി സഖ്യം വിട്ടതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടാർ സ്ഥാനമൊഴിഞ്ഞത്. ഇതിന് ബി.ജെ.പി നയബ് സിങ് സൈനി മുഖ്യമന്ത്രിയാക്കി. അതേസമയം, നയബ് സിങ് സൈനി മന്ത്രിസഭയിൽ സ്ഥാനം കിട്ടാത്തതിനെ തുടർന്ന് സ്വതന്ത്രർ നേരത്തെ തന്നെ അസ്വസ്ഥരായിരുന്നെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Leader of Opposition Bhupinder Singh Hooda writes to the Haryana Raj Bhawan seeking time from Governor on 10th May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.