മുംബൈ: മുൻ ജീവിതപങ്കാളിയും നടിയുമായ റിയ പിള്ള നൽകിയ ഗാർഹികപീഡനക്കേസിൽ ടെന്നിസ് താരം ലിയാൻഡർ പേസ് കുറ്റക്കാരനെന്ന് കോടതി. മാസംതോറും വീട്ടുവാടകയായി 50,000 രൂപയും ജീവനാംശമായി ലക്ഷം രൂപയും റിയക്ക് നൽകാനും കോടതി വിധിച്ചു. നിയമപോരാട്ടത്തിന്റെ ചെലവായി ലക്ഷം രൂപ വേറെയും നൽകണം.
അതേസമയം, മുൻകാല പ്രാബല്യത്തോടെ ജീവനാംശവും താമസിക്കുന്ന വീട്ടിൽ തുല്യ അവകാശവും വേണമെന്ന റിയയുടെ ആവശ്യം കോടതി തള്ളി. പേസ് വാടകക്കാണ് താമസിക്കുന്നതെന്നതും ടെന്നിസ് കരിയർ അവസാനിച്ചതും ഇരുവരുടെയും മകളുടെ ചെലവുകൾ വഹിക്കുന്നതും കണക്കിലെടുത്താണിത്.
രണ്ടാഴ്ച മുമ്പ് ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോമൾ സിങ് രാജ്പുത്താണ് വിധി പറഞ്ഞത്. വിധിപ്പകർപ്പ് പുറത്തുവിട്ടത് വ്യാഴാഴ്ചയാണ്. 2014ലാണ് ലിയാൻഡർ പേസിനെതിരെ റിയ പിള്ള പരാതി നൽകിയത്. 2005 മുതൽ ലിയാൻഡർ പേസുമായി വിവാഹത്തിനു തുല്യമായ ബന്ധത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പേസിന്റെ പിതാവ് ബാന്ദ്രയിൽ തങ്ങൾക്കൊപ്പം താമസമാക്കിയതോടെയാണ് ബന്ധം ഉലഞ്ഞതെന്നും റിയ ആരോപിച്ചു.
അതേസമയം, തന്നോടൊപ്പം കഴിയുമ്പോഴും റിയ നടൻ സഞ്ജയ് ദത്തുമായി വിവാഹിതയായിരുന്നുവെന്നത് അറിഞ്ഞില്ലെന്നും അവർ 2008ലാണ് വിവാഹ മോചിതരായതെന്നും അതിനാൽ റിയയുടെ വാദം നിലനിൽക്കില്ലെന്നുമാണ് പേസ് വാദിച്ചത്. കോടതി അത് അംഗീകരിച്ചില്ല. വിവാഹത്തിനപ്പുറം പുരുഷനുമായി ഒരുമിച്ചു കഴിയുന്ന സ്ത്രീകളോട് പുരുഷാധിപത്യ സമൂഹം കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.