ന്യൂഡൽഹി: സമീപകാലത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിൽനിന്ന് പാർട്ടി വിലയേറിയ പാഠങ്ങൾ പഠിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം പ്രവർത്തകരെ ആഹ്വാനം ചെയ്തു. എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞകാലങ്ങളിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കിഴക്കുനിന്ന് പടിഞ്ഞാറേക്ക് രാഹുൽ ഗാന്ധി ഒരു ഭാരത് ജോഡോ യാത്രകൂടി നടത്തണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകസമിതിയുമാണ് -ഖാർഗെ പറഞ്ഞു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യ പ്രവർത്തകസമിതി യോഗമാണ് വ്യാഴാഴ്ച ചേർന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.
നാല് സംസ്ഥാനങ്ങളിലെയും ഫലം നിരാശാജനകമാണെന്ന് പറഞ്ഞ ഖാർഗെ, പ്രാഥമിക പരിശോധന പാർട്ടി നടത്തിയതായും തോൽവിയുടെ കാരണങ്ങൾ കണ്ടെത്തിയതായും പറഞ്ഞു. അതേസമയം, വോട്ട് വിഹിതം ഉൾപ്പെടെ ശുഭസൂചന നൽകുന്ന ചില ഘടകങ്ങളുമുണ്ട്. വേണ്ടത്ര ശ്രദ്ധ നൽകിയാൽ സാഹചര്യം അനുകൂലമാക്കാൻ സാധിക്കും. ഡിസംബർ 19ന് ചേർന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ സീറ്റ് പങ്കുവെക്കൽ ഉടൻതന്നെ ആരംഭിക്കണമെന്നാണ് തീരുമാനമുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടികളുമായി ചർച്ച നടത്തുന്നതിന് കോൺഗ്രസ് അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതിനെ പരാമർശിച്ച്, പാർലമെന്റിനെ ഭരണകക്ഷിയുടെ വേദിയാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് നടപടിയെന്ന് കുറ്റപ്പെടുത്തി.
നിർണായക ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുകവഴി ബി.ജെ.പി എങ്ങനെയാണ് ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് രാജ്യം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻപോലുള്ള സ്ഥാപനങ്ങളെ വരുതിയിലാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വൈകാതെതന്നെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിനുശേഷം പറഞ്ഞു. ഈമാസം തന്നെ സ്ക്രീനിങ് കമ്മിറ്റി രൂപവത്കരിച്ച് സ്ഥാനാർഥി നിർണയം ആരംഭിക്കും. പ്രകടന പത്രിക സമിതിയെ ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയവും ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യകക്ഷികളുമായി സീറ്റ് പങ്കിടുന്നതും പ്രവർത്തക സമിതി ചർച്ച ചെയ്തു. പാർട്ടിയുടെ മനോവീര്യം കുറഞ്ഞിട്ടില്ലെന്ന് വിലയിരുത്തലുണ്ടായി. തെരഞ്ഞെടുപ്പ് ഫലം നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നു. വിശദമായ അവലോകനം പിന്നീട് നടത്തും. ജാതി സെൻസസ് വിഷയം കാര്യമായി ഫലിക്കാത്തതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പുതിയ മുദ്രാവാക്യങ്ങൾക്കും സാധ്യതയുണ്ട്. പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.