ലഖ്നോ: ഉത്തർപ്രദേശിലെ അലിഗഡിലെ സ്കൂളിൽ പുലിയുടെ ആക്രമണം. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. അലിഗഡിലെ ചൗധരി നിഹാൽ സിങ് ഇന്‍റർ കോളജിലാണ് സംഭവം.
പുലർച്ചെയായിരുന്നു പുലി സ്കൂളിൽ കടന്നത്. ക്ലാസ്മുറിയിൽ കിടക്കുകയായിരുന്നു പുലി. 'ഞാൻ ക്ലാസ്മുറിയിൽ കയറിയപ്പോൾ അവിടെ പുലി കിടക്കുന്നത് കണ്ടു. ആ നിമിഷം ഞാൻ പിന്തിരിഞ്ഞ് ഓടി. ഇതോടെ പുലി പിറകിൽനിന്ന് ആക്രമിക്കുകയും മുതുകിലും കൈയിലും കടിക്കുകയുമായിരുന്നു' -ആക്രമണത്തിന് ഇരയായ വിദ്യാർഥി ലക്കി രാജ് സിങ് പറഞ്ഞു. പരിക്കേറ്റ ലക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ വിദ്യാർഥികൾ എത്തുന്നതിന് മുമ്പ് പുലി ക്ലാസ്മുറിയിൽ കടന്നിരുന്നു. ഒരു വിദ്യാർഥിയെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അവൻ വീട്ടിലാണ് -സ്കൂൾ പ്രിൻസിപ്പൽ യോഗേഷ് യാദവ് പറഞ്ഞു.
പുലിയെ ക്ലാസ്മുറിയിൽ പൂട്ടിയിട്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സ്കൂളിന് ചുറ്റും നാട്ടുകാരും വിദ്യാർഥികളും തടിച്ചുകൂടിയിരുന്നു. പിന്നീട് പുലിയെ വനംവകുപ്പ് അധികൃതരെത്തി പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.