ഗുവാഹതി: പാലക്കാട് ജില്ലയിൽ അബദ്ധത്തിൽ സ്ഫോടകവസ്തു കഴിച്ച ആന ദിവസങ്ങൾക്കുശേഷം മരിച്ച സംഭവം ദേശീയ തലത്തിൽ ഉയർത്തിയ പ്രതിഷേധകാറ്റ് അടങ്ങും മുമ്പ് മൃഗ പീഡനത്തിെൻറ മറ്റൊരു കഥ അസമിൽ നിന്ന്. കെണിവെച്ച് പിടിച്ച പുളളിപ്പുലിയെ തല്ലിക്കൊന്ന ശേഷം ജഡവുമായി ആഹ്ലാദപ്രകടനം നടത്തുന്ന ആൾക്കൂട്ടത്തിെൻറ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സംഭവം വിവാദമായതോടെ ആറുപേരെ അറസ്റ്റ് ചെയ്തു.
ഗുവാഹതിയിലെ കതബാരി പഹർ മേഖലയിലാണ് സംഭവം. ജനവാസേകന്ദ്രത്തിൽ വന്നുപെട്ട പുലിയെ ദിവസങ്ങൾക്ക് ശേഷം നാട്ടുകാർ കെണിവെച്ച് പിടിക്കുകയായിരുന്നു. എന്നാൽ, ഇൗ കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലി കാട്ടിലേക്ക് പോകുന്നതിനിടെ ഇതിനെ പിന്തുടർന്ന നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ജനവാസ കേന്ദ്രത്തിൽ കുടുങ്ങിയ പുലിക്ക് ദിവസങ്ങളോളം ഭക്ഷണം ലഭിക്കാത്തതിനാൽ ക്ഷീണിതനായിരുന്നുവത്രെ. പുലിയുടെ ജഡവുമായി ആഹ്ലാദപ്രകടനം നടത്തുന്ന വിഡിയോയിൽ ഉള്ള ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
പുലി കെണിയിൽ കുടുങ്ങിയപ്പോൾ തന്നെ വനം വകുപ്പിനെ അറിയിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതായി ദ ക്വിൻറ് റിപ്പോർട്ട് ചെയ്യുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ പുലി രക്ഷപ്പെട്ടത് അറിഞ്ഞപ്പോൾ തിരിച്ച് പോകുകയായിരുന്നത്രെ. പിന്നീടാണ് നാട്ടുകാർ പുലിയെ പിന്തുടർന്ന് പിടിച്ച് തല്ലിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.