ന്യൂഡൽഹി: നൂറിൽ താഴെ കിടക്കകൾ മാത്രമാണ് ഡൽഹിയിലെ ഐ.സി.യുകളിൽ മിച്ചമുള്ളതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോമൺവെൽത്ത് ഗെയിംസ് വില്ലേജും ചില സ്കൂളുകളും കോവിഡ് രോഗികളെ പാർപ്പിക്കാനുള്ള സെന്ററുകളാക്കുെമന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം.
ഡൽഹിയിലെ അവസ്ഥയെ കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായും ആരോഗ്യ മന്ത്രി ഹർഷ്വർധനുമായും സംസാരിച്ചിട്ടുണ്ട്. കൂടുതൽ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി 6000 കിടക്കകൾ കൂടി വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യതലസ്ഥാനത്ത് കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ലഭ്യമായ കിടക്കകളുടെ എണ്ണം വർധിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഡൽഹി സർക്കാർ.
ഡൽഹിയിൽ കിടക്കകളുടെയും ഓക്സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 24,000 പേർക്കാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഐ.സി.യുകളിൽ 90 ശതമാനം കിടക്കകളും രോഗികളാൽ നിറഞ്ഞിരിക്കുന്നതിനാൽ പുതുതായി കോവിഡ് സ്ഥിരീകരിച്ച് എത്തുന്നവർ കിടക്കയില്ലാെത ബുദ്ധിമുട്ടിലാവുകയാണ്.
ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ടി സ്വകാര്യ വിതരണക്കാരെ സമീപിച്ചവർക്ക് സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.