വെറുപ്പിന്‍റെ രാഷ്ട്രീയത്തേക്കാൾ അനുകമ്പയുടെ രാഷ്ട്രീയം വിജയിക്കുമെന്ന് ഉറപ്പാക്കാം; ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ്

ന്യൂഡൽഹി: വെറുപ്പിന്‍റെ രാഷ്ട്രീയത്തേക്കാൾ അനുകമ്പയുടെ രാഷ്ട്രീയം വിജയിക്കുമെന്ന് ഉറപ്പാക്കാമെന്ന് ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ്. ഗാന്ധി വ്യക്തി മാത്രമായിരുന്നില്ലെന്നും രാജ്യത്തിന്‍റെ പ്രത്യയശാസ്ത്രവും ധാർമ്മികതയുമായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

"ഗാന്ധി വ്യക്തി മാത്രമായിരുന്നില്ല. രാജ്യത്തിന്‍റെ പ്രത്യയശാസ്ത്രവും ധാർമ്മികതയുമായിരുന്നു. സത്യം, അഹിംസ, സ്വാതന്ത്ര്യം, സമത്വം, സഹവർത്തിത്വം തുടങ്ങിയ അദ്ദേഹത്തിന്‍റെ ആദർശങ്ങൾക്ക് ശാശ്വത മൂല്യമുണ്ട്" -ഖാർഗെ എക്സിൽ കുറിച്ചു.

സത്യം, അഹിംസ, സഹവർത്തിത്വം, ഐക്യം, ഏകീകൃത ഇന്ത്യ എന്നിവയിലേക്കുള്ള വഴികാട്ടിയ വ്യക്തി എന്ന് വിശേഷിപ്പിച്ചാണ് മഹാത്മ ഗാന്ധിക്കുള്ള ആദരം രാഹുൽ ഗാന്ധി പങ്കുവെച്ചത്.

ഗാന്ധിജയന്തി ദിനത്തിൽ ഗോഡ്‌സെയുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും മഹത്വവൽക്കരിക്കുന്നവരോട് പോരാടുമെന്ന് പ്രതിജ്ഞയെടുക്കാമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കള്ളങ്ങൾക്കെതിരെ സത്യത്തിന്‍റെ വിജയത്തിനായി ഒന്നിച്ച് പോരാടാമെന്നും വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തേക്കാൾ അനുകമ്പയുടെ രാഷ്ട്രീയമാണ് നിലനിൽക്കുന്നത് ഉറപ്പുവരുത്താമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതം മുഴുവൻ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാത്മാവിന് പ്രണാമങ്ങൾ അർപ്പിക്കുന്നെന്നും രാജ്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളായ സമാധാനം, ഐക്യം, അഹിംസ എന്നിവ നമ്മുടെ വഴികാട്ടിയായി പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുക്കാമെന്നുമാണ് കോൺഗ്രസ് എക്സിൽ കുറിച്ചത്.

Tags:    
News Summary - Let's ensure politics of compassion prevails over politics of hate: Congress on Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.