ന്യൂഡൽഹി: ആൾക്കൂട്ട അതിക്രമത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനടക്കം 49 പ്രമുഖ സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു.
‘‘ഞങ്ങൾക്കിടയിൽനിന്ന് ഇനിയും കൂടുതൽ പേർ ദിവസവും രംഗത്തുവരു’’മെന്ന് വ്യക്തമാക്കി 180ൽപരം പേർ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രമുഖ നടൻ നസിറുദ്ദീൻ ഷാ, ചലച്ചിത്രകാരൻ ആനന്ദ് പട്വർധൻ, പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പർ, സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ തുടങ്ങിയവരടക്കമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് എങ്ങനെ രാജ്യദ്രോഹമാകുമെന്ന് അവർ ചോദിച്ചു. പൊതുസമൂഹത്തിൽ ആദരിക്കപ്പെടുന്നവർ തങ്ങളുടെ ഉത്കണ്ഠ പ്രധാനമന്ത്രിയുമായി പങ്കുവെച്ചാൽ, കോടതിയെ ദുരുപയോഗപ്പെടുത്തി അവരുടെ വായ്മൂടിക്കെട്ടാനും പീഡിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. സാംസ്കാരിക പ്രവർത്തകരെന്ന നിലക്കും പൗരബോധമുള്ളവരെന്ന നിലക്കും ഇതിനെ അപലപിക്കുന്നു. ജനശബ്ദം ഇല്ലാതാക്കുന്നതിനെതിരെ പ്രതികരിക്കുകതന്നെ ചെയ്യും.
സംഗീതജ്ഞൻ ടി.എം. കൃഷ്ണ, ജെറി പിേൻറാ, അേശാക് വാജ്പേയി, ജീത് തയ്യിൽ, ഇറ ഭാസ്കർ, ഷംസുൽ ഇസ്ലാം, എൻ.എസ്. മാധവൻ, ബി.ആർ.പി ഭാസ്കർ, കെ. സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, എം.എ. ബേബി, ബി. രാജീവൻ, സിവിക് ചന്ദ്രൻ, ഇ.വി രാമകൃഷ്ണൻ, ജെ. ദേവിക, കെ.പി ഫാബിയാൻ, മല്ലിക സാരാഭായ്, കെ.പി രാമനുണ്ണി, പി.കെ. പാറക്കടവ്, സുനിൽ പി ഇളയിടം, പി.കെ പോക്കർ, പി.എൻ. ഗോപീകൃഷ്ണൻ, രേണു രാംനാഥ് തുടങ്ങിയവരും കത്തിൽ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.
മോദിക്ക് കത്തയച്ച് തരൂർ
ന്യൂഡൽഹി: 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കേസെടുത്ത സംഭവത്തെ അപലപിച്ച് ശശി തരൂർ എം.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിയോജിപ്പില്ലാതെ എന്തു ജനാധിപത്യമെന്ന് അദ്ദേഹം ചോദിച്ചു. തെൻറ സർക്കാറിനോടു വിയോജിച്ചാൽപോലും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്ന് രാജ്യത്തിന് നൽകിയ വാക്ക് മോദി പാലിക്കണം.
കൂടുതൽ പേർക്കെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടായാൽപോലും, അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർ ഇതേപോലെ പ്രധാനമന്ത്രിക്ക് കത്തയക്കണം. ആൾക്കൂട്ട അതിക്രമം പകർച്ചവ്യാധിയായി മാറിയിരിക്കുന്നു. അക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയാണ് കത്തയച്ചവർ ചെയ്തത്. രാജ്യത്തെ പൗരന്മാരെന്ന നിലക്ക് നിർഭയം വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ സാധിക്കുമെന്ന് രാജ്യത്തെ പൗരന്മാർ കരുതുന്നു. അക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് താൽപര്യപ്പെടുന്നു -തരൂർ പറഞ്ഞു.
സുപ്രീംകോടതി ഇടപെടണമെന്ന് കമൽഹാസൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിെൻറ പേരിൽ 49 പ്രമുഖർക്കെതിരെ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി നീതിയും ജനാധിപത്യവും ഉയർത്തിപ്പിടിക്കാൻ സുപ്രീംകോടതി മുന്നോട്ടുവരണമെന്ന് മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസൻ. രാജ്യത്ത് ഒത്തൊരുമയും സമാധാനവും പുലരണമെന്ന് ആഗ്രഹിക്കുന്നതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെൻറിലെ പ്രസ്താവനകളിൽനിന്ന് വ്യക്തമാവുന്നത്. വിവാദ കത്ത് ഇൗ ആശയം ഉൾക്കൊള്ളുന്നില്ലെന്നാണോ മനസ്സിലാക്കേണ്ടതെന്നും കമൽഹാസൻ ട്വിറ്ററിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.