ന്യൂഡൽഹി: ഉത്തർപ്രദേശ് ഭരണകൂടത്തിന്‍റെ നിയമവിരുദ്ധ നടപടികൾക്കെതിരെ സുപ്രീംകോടതി അടിയന്തരമായി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്ജിമാർ അടക്കം 12 പ്രമുഖ നിയമജ്ഞർ ചീഫ് ജസ്റ്റിസ് എൻ.വി. രമണക്ക് കത്തയച്ചു. ബി.ജെ.പി വക്താക്കളുടെ അധിക്ഷേപാർഹമായ പരാമർശത്തിൽ പ്രതിഷേധിക്കുന്നവർക്കും അതിന്‍റെ പേരിൽ കസ്റ്റഡിയിലായവർക്കും നേരെയുള്ള പൊലീസ് അതിക്രമങ്ങൾ, നിയമവിരുദ്ധ തടങ്കലുകൾ, ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർക്കൽ എന്നിവക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നാണ് പരാതിക്കത്തിലെ ആവശ്യം.
കോടതിയുടെ അഭിമാനം പരീക്ഷിക്കപ്പെടുന്നത് ഇത്തരം നിർണായക ഘട്ടങ്ങളിലാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജിമാരായ ബി. സുദർശൻ റെഡ്ഢി, വി. ഗോപാല ഗൗഡ, എ.കെ ഗാംഗുലി, മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് എ.പി ഷാ, മുൻ ഹൈകോടതി ജഡ്ജിമാരായ കെ. ചന്ദ്രു, മുഹമ്മദ് അൻവർ, മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ ശാന്തി ഭൂഷൺ, ഇന്ദിരാ ജയ്സിങ്, ചന്ദർ ഉദയ് സിങ്, ശ്രീറാം പഞ്ചു, പ്രശാന്ത് ഭൂഷൺ, ആനന്ദ് ഗ്രോവർ എന്നിവർ ചൂണ്ടിക്കാട്ടി. സമീപകാലത്തടക്കം നിരവധി സന്ദർഭങ്ങളിൽ പരമോന്നത കോടതി ജനങ്ങളുടെ അവകാശ സംരക്ഷകരായി മാറിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും പെഗസസ് വിഷയത്തിലും സ്വമേധയാ എടുത്ത കേസുകൾ ഉദാഹരണങ്ങളാണ്. ഭരണഘടനയുടെ സംരക്ഷകരെന്ന നിലയിൽ സുപ്രീംകോടതി സന്ദർഭത്തിനനുസരിച്ച് ഉയർന്നു പ്രവർത്തിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കി.
ബി.ജെ.പി വക്താക്കൾ നടത്തിയ പ്രവാചക നിന്ദ പരാമർശങ്ങൾക്കെതിരെ സമാധാനപരമായ പ്രതിഷേധത്തിന് അവസരം നൽകാത്ത സർക്കാർ അവരുടെ ഭാഗം കേൾക്കാനും തയാറാകുന്നില്ല. പകരം വ്യക്തികൾക്കുനേരെ അക്രമാസക്ത നടപടി കൈകൊള്ളുകയാണ്.
'ഭാവിയിൽ ഒരാളും സമാന കുറ്റകൃത്യം ചെയ്യാതിരിക്കാൻ കഴിയാത്തവിധം കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ്' മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. പ്രതിഷേധിച്ചവർക്കെതിരെ ഗുണ്ടാനിയമവും ദേശസുരക്ഷാ നിയമവും ചുമത്താനും നിർദേശിച്ചിട്ടുണ്ട്. ക്രൂരമായും നിയമവിരുദ്ധമായും പ്രതിഷേധക്കാരെ പീഡിപ്പിക്കാൻ ഇതാണ് പൊലീസിന് ധൈര്യം നൽകിയത്.
പ്രതിഷേധിച്ചവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത യു.പി പൊലീസ് 300ലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മുസ്‍ലിം യുവാക്കളെ പൊലീസ് മർദിക്കുന്നതിന്റെയും വീടുകൾ പൊളിക്കുന്നതിന്റേയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് രാജ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഭരണകൂടത്തിന്‍റെ ഇത്തരം അടിച്ചമർത്തൽ നിയമവാഴ്ചയുടെ അട്ടിമറിയും പൗരന്മാരുടെ മൗലികാവകാശലംഘനവും രാജ്യത്തിന്‍റെ ഭരണഘടനയോടുള്ള പരിഹാസവുമാണ്. പൊലീസും നഗരവികസന അതോറിറ്റിയും ഏകോപനത്തോടെ പ്രവർത്തിച്ചതിൽനിന്നുതന്നെ കോടതിക്ക് പുറത്ത് കൂട്ടായി ശിക്ഷ നടപ്പാക്കാനുള്ള ആസൂത്രണം വ്യക്തമാണെന്നും കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.