ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് സി.ബി.ഐ. ലോക്കറിൽ നിന്ന് ഒന്നും കണ്ടെത്താനാവില്ലെന്ന് സിസോദിയ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
രണ്ടാഴ്ച മുമ്പാണ് സി.ബി.ഐ സിസോദിയയുടെ വീട് റെയ്ഡ് നടത്തിയത്. ആഗസ്റ്റ് 19 ന് എന്റെ വീട്ടിൽ 14 മണിക്കൂർ നീണ്ട പരിശോധന നടത്തിയിരുന്നു. അവിടെ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. ലോക്കറിൽ നിന്നും ഒന്നും കണ്ടെത്താനാകില്ല. ഞാൻ സി.ബി.ഐയെ സ്വാഗതം ചെയ്യുന്നു. ഞാനും എന്റെ കുടുംബവും അന്വേഷണവുമായി പൂർണമായി സഹകരിക്കും - സിസോദിയ പറഞ്ഞിരുന്നു.
ഡൽഹി എക്സൈസ് വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സിസോദിയയെ മദ്യനയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിലെ 15 പ്രതികളിൽ ഒരാളായി സി.ബി.ഐ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ അനുമതി കൂടാതെയാണ് നയം നടപ്പാക്കിയതെന്ന് സി.ബി.ഐ ആരോപിച്ചിരുന്നു. അയോഗ്യരായ നിരവധി പേർക്ക് കൈക്കൂലി വാങ്ങി മദ്യവിൽപ്പന ലൈസൻസ് നൽകിയെന്നും സി.ബി.ഐ ആരോപിക്കുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് മദ്യനയം നടപ്പാക്കിയത്. അഴിമതി ആരോപണങ്ങളെ തുടർന്ന് എട്ടുമാസത്തിനു ശേഷം നയം പിൻവലിച്ചു.
അതേസമയം, ഭരണ കക്ഷിയായ ആം ആദ്മി പാർട്ടി എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ആരോപണങ്ങൾ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് ആപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.