ന്യൂഡൽഹി: ദിവസങ്ങൾക്കകം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ 2024 പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാം മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരുടെയും അവസാന സമ്പൂർണ യോഗം വിളിച്ചുചേർത്തു. ഭരണപരമായ തീരുമാനങ്ങൾക്കപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ വിളിച്ച യോഗത്തിൽ മന്ത്രിമാർക്കൊപ്പം വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പങ്കെടുത്തു.
മൂന്നാമതും താൻ അധികാരത്തിലേറുമെന്ന് യോഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി, തെരഞ്ഞെടുപ്പിന് മുമ്പ് വല്ലതും ചെയ്യാനുണ്ടോ എന്നും പുതിയ സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നതെന്താണെന്നും ആരാഞ്ഞു. മൂന്നാമതും അധികാരത്തിലേറുമ്പോൾ 100 ദിവസത്തിനകം നടപ്പാക്കേണ്ട അജണ്ട സംബന്ധിച്ച് മന്ത്രിമാരുടെ അഭിപ്രായങ്ങളും തേടി. തന്റെ സർക്കാറിന്റെ നേട്ടങ്ങളും ഭാവി സർക്കാറിന്റെ മുൻഗണനാക്രമങ്ങളും യോഗത്തിൽ അവതരിപ്പിക്കാൻ മന്ത്രിമാരോട് മോദി മുൻകൂട്ടി ആവശ്യപ്പെടിരുന്നു.
ചാണക്യപുരിയിലെ സുഷമ സ്വരാജ് ഭവനിൽ രാവിലെ 10ന് തുടങ്ങിയ യോഗം എട്ടു മണിക്കൂർ നീണ്ടു.2047 ൽ വികസിത ഇന്ത്യ സ്ഥാപിക്കുമെന്നും അതുവരെ ബി.ജെ.പി അധികാരത്തിലിരിക്കുമെന്നുമുള്ള അവകാശവാദവുമുയർത്തി എതിരാളികളുടെ ആത്മവീര്യം തകർക്കുന്ന തന്ത്രമാണ് മോദിയും അമിത് ഷായും പയറ്റുന്നത്. മന്ത്രിമാർക്ക് ആത്മവിശ്വാസം കൂട്ടാൻ വികസിത ഇന്ത്യക്കുള്ള റോഡ് മാപും യോഗത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നാലും സർക്കാറിന്റെ പദ്ധതി പ്രവർത്തനങ്ങൾ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറപ്പുവരുത്താൻ കൂടിയായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.