മംഗളൂരു: ഉഡുപ്പി, ചിക്കമഗളൂരു ജില്ലകൾ പകുത്തെടുത്ത ലോക്സഭ മണ്ഡലമാണ് ഉഡുപ്പി-ചിക്കമഗളൂരു. ഇരു ജില്ലകളിലെ നാല് വീതം നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് ലോക്സഭ മണ്ഡലം. സംഘ്പരിവാറിന്റെ പശു രാഷ്ട്രീയത്തിലൂടെ ഉഡുപ്പി ബി.ജെ.പി അങ്ങ് എടുത്തു. കോൺഗ്രസ് ചരിത്രത്തിൽ ഇടംനേടിയ ചിക്കമഗളൂരു ഭാഗം ആ പാർട്ടിക്കൊപ്പവും നിൽക്കുന്നു.
അടിയന്തരാവസ്ഥയെത്തുടർന്ന് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജ്യം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞിരുന്നു. റായ്ബറേലിയിലെ വോട്ടർമാർ അവരെ പരാജയത്തിന്റെ പടുകുഴിയിൽ തള്ളുകയും ചെയ്തു. ആ അവസ്ഥയിൽനിന്ന് ഇന്ദിര ഗാന്ധിക്ക് പുതുജീവൻ നൽകിയ ലോക്സഭ മണ്ഡലം. ഉഡുപ്പി-ചിക്കമഗളൂരു എന്ന് ഘടന മാറിയ ഈ മണ്ഡലത്തിൽ കോൺഗ്രസിലെ കെ. ജയപ്രകാശ് ഹെഗ്ഡെയും കർണാടക നിയമസഭ ഉപരിസഭയായ ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരിയും തമ്മിലാണ് മത്സരം. 64കാരനാണ് പൂജാരി. മുൻമന്ത്രിയും മുൻ എംപിയുമാണ് 71കാരനായ ജെ.പി ഹെഗ്ഡെ.
1977ൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് നേതാവ് ഡി.ബി. ചന്ദ്ര ഗൗഡ എം.പി സ്ഥാനം രാജിവെച്ച് ഇന്ദിര ഗാന്ധിക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുകയായിരുന്നു. ചന്ദ്ര ഗൗഡ പിന്നീട് ബി.ജെ.പിയിൽ ചേർന്നതും ഈ മണ്ഡലത്തിൽനിന്ന് എം.പിയായതും വേറെ ചരിത്രം. 77,333 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ഗാന്ധി ജനത പാർട്ടിയുടെ വീരേന്ദ്ര പാട്ടീലിനെ പരാജയപ്പെടുത്തിയത്. വിദ്വേഷം വിതക്കുന്നവർക്ക് കൊയ്യാനുള്ളതല്ല വോട്ടെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ ചിക്കമഗളൂരു മേഖല വിധിയെഴുതിയിരുന്നു.ശൃംഗേരി, മുദിഗരെ, ചിക്കമഗളൂരു, തരിക്കരെ, കാഡൂർ എന്നീ മണ്ഡലങ്ങൾ കോൺഗ്രസ് പിടിച്ചു. ഉഡുപ്പി മേഖലയിലെ ഉഡുപ്പി, കുന്താപുരം, കൗപ്, ബൈന്തൂർ, കാർക്കള മണ്ഡലങ്ങൾ ബി.ജെ.പി കുത്തകയായും തുടർന്നു. ഈ അവസ്ഥ മറികടക്കാനാവുമെന്ന പ്രതീക്ഷയാണ് നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയംകണ്ട അനുഭവമുള്ള ജെ.പി പകരുന്നത്.
ഉഡുപ്പി-ചിക്കമഗളൂരു എന്ന് ഘടന മാറിയ 2009ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഡി.വി. സദാനന്ദ ഗൗഡ 27018 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ. ജയപ്രകാശ് ഹെഗ്ഡെയെ പരാജയപ്പെടുത്തി. എന്നാൽ സദാനന്ദ ഗൗഡ കർണാടക മുഖ്യമന്ത്രിയാവാൻ എം.പി സ്ഥാനം രാജിവെച്ച ഒഴിവിൽ 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വി. സുനിൽ കുമാറിനെ 45724 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഇപ്പോൾ ജനവിധി തേടുന്ന ജെ.പി. ഹെഗ്ഡെ എം.പിയായത്. തുടർന്ന് രണ്ട് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ ശോഭ കരന്ദലാജെ വിജയിച്ചു.
1994ൽ ജനതദൾ പ്രതിനിധിയായി നിയമസഭയിലേക്ക് കന്നി വിജയം നേടിയ ഹെഗ്ഡെ തുറമുഖം-ഫിഷറീസ് മന്ത്രിയായിരുന്നു. അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകി. 2015ൽ കോൺഗ്രസ് പുറത്താക്കിയ ശേഷം ബി.ജെ.പിയിൽ ചേർന്ന ജെ.പിക്ക് സർക്കാർ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ തിരിച്ചെത്തി. പൊതു തെരഞ്ഞെടുപ്പിൽ കരകയറാത്ത ശ്രീനിവാസ പൂജാരിയെ തദ്ദേശ സ്വയംഭരണ സ്ഥാപന മണ്ഡലത്തിൽ നിന്ന് എംഎൽസിയായി തെരഞ്ഞെടുത്താണ് ബിജെപി കഴിഞ്ഞ മന്ത്രിസഭയിൽ അംഗവും നിലവിൽ ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവുമാക്കിയത്.മഠങ്ങളുടെ നാടാണ് ഉഡുപ്പി. മത്സ്യബന്ധനവും കൃഷിയുമാണ് ജനങ്ങളുടെ കാര്യമായ വരുമാന സ്രോതസ്സ്. രാഷ്ട്രീയമായി വളരെ വേഗത്തിൽ കാവിപടരുന്ന മണ്ണ്.
കാപ്പിയുടെ നാടാണ് ചിക്കമഗളൂരു. വരൾച്ചയും കടലിൽ മത്സ്യലഭ്യത കുറഞ്ഞതടക്കമുള്ള വിഷയങ്ങളാണ് ഇരു ജില്ലകളിലെയും പ്രധാന വിഷയങ്ങൾ. കവുങ്ങ്, കാപ്പി തോട്ടങ്ങളിലെ രോഗബാധ കർഷകരെ വലക്കുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പ്
2023 നിയമസഭ തെരഞ്ഞെടുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.