ന്യൂഡൽഹി: പാർലമെന്‍റ് നടപടികൾ തുടർച്ചയായി മുടങ്ങിയതുമൂലം നാലാഴ്ചക്കിടയിൽ ലോക്സഭ സമ്മേളിച്ചത് 45 മണിക്കൂർ. 137 മണിക്കൂർ ചേരണമെന്നായിരുന്നു തീരുമാനം. 130 മണിക്കൂർ സമ്മേളിക്കണമെന്ന് നിശ്ചയിച്ച രാജ്യസഭക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത് 31 മണിക്കൂർ. ലോക്സഭയിൽ എട്ടു ബില്ലുകൾ അവതരിപ്പിച്ചു. ആറെണ്ണം പാസാക്കി. അതേസമയം, നാലാഴ്ചക്കിടയിൽ 29 ചോദ്യങ്ങൾക്ക് മാത്രമാണ് ബഹളങ്ങൾക്കിടയിൽ മന്ത്രിമാർ മറുപടി പറഞ്ഞത്.
50 ലക്ഷം കോടി രൂപയുടെ ബജറ്റ് സർക്കാർ പാസാക്കിയത് വെറും 12 മിനിറ്റുകൊണ്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പാർലമെന്‍റ് നടത്താൻ താൽപര്യമില്ലാതെ നടപടികൾ തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷമെന്ന് ഭരണപക്ഷം ആരോപിക്കുന്നു. എന്നാൽ, ഭരണപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്താൻ ഇറങ്ങി. അദാനി പ്രശ്നത്തിന് മറുപടി പറയാതെ, ബ്രിട്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു ബഹളംവെക്കുകയാണ് ഭരണപക്ഷം ചെയ്തത്.
ജനാധിപത്യ തത്ത്വങ്ങൾ കാറ്റിൽ പറത്തുകയാണ് സർക്കാർ. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം ഞൊടിയിടക്കുള്ളിൽ അസാധുവാക്കി. മൂന്നു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അംറേലിയിലെ ബി.ജെ.പി എം.പിയെ 16 ദിവസം കഴിഞ്ഞിട്ടും അയോഗ്യനാക്കിയില്ല -ഖാർഗെ പറഞ്ഞു.
രാഹുൽ ഗാന്ധിക്കു വേണ്ടിയാണ് കോൺഗ്രസും കൂട്ടാളികളും പാർലമെന്‍റ് സ്തംഭിപ്പിച്ചതെന്ന് നിയമമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. കറുത്ത വേഷം ധരിച്ചെത്തിയവർ പാർലമെന്‍റിനെ അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.