ന്യൂഡൽഹി: ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ട സമവായ ചർച്ചകളുമായി ബി.ജെ.പി. എൻ.ഡി.എ സഖ്യകക്ഷികളുടെയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെയും യോഗം രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ചൊവ്വാഴ്ച വൈകീട്ട് ചേർന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, അശ്വിനി വൈഷ്ണവ്, കിരണ്‍ റിജിജു, രാംമോഹന്‍ നായിഡു, ചിരാഗ് പാസ്വാന്, ലലന്‍ സിങ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. സ്പീക്കര്‍ സ്ഥാനത്തേക്ക് എല്ലാ കക്ഷികള്‍ക്കും സ്വീകാര്യനായ സ്ഥാനാർഥിയെ കണ്ടെത്താനാണ് ശ്രമം.
സഖ്യകക്ഷികളായ ജെ.ഡി.യുവും ടി.ഡി.പിയും കസേരക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പാർലമെൻറിൽ അടിയന്തരപ്രമേയവും അവിശ്വാസവുമടക്കം കാര്യങ്ങളിൽ സ്പീക്കറുടെ നടപടി നിർണായകമാണ്. നിലവിൽ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ തീരുമാനമെടുക്കാൻ ബി.ജെ.പിക്ക് കഴിയാത്ത സാഹചര്യമാണ് സഭയിലുള്ളത്. ഈ സാഹചര്യത്തിൽ സ്പീക്കർ പദവി നിലനിർത്തുക എന്നത് പാർട്ടിക്ക് നിർണായകമാണ്. ബി.ജെ.പി സമവായത്തിനുള്ള ശ്രമം തുടരുന്നതും ഇതുകൊണ്ടാണ്. തിങ്കളാഴ്ച രാത്രി, രണ്ടാം മോദി സർക്കാറിൽ സ്പീക്കറായിരുന്ന രാജസ്ഥാനിൽ നിന്നുള്ള എം.പി ഓം ബിര്‍ളയുടെ വീട്ടിലും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇത് രണ്ടാംതവണയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നത്. ജൂൺ 16നും രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ടി.ഡി.പി സ്ഥാപകൻ എൻ.ടി. രാമറാവുവിന്റെ മകളും ആന്ധ്ര ബി.ജെ.പി അധ്യക്ഷയുമായ ദഗ്ഗുബതി പുരന്ദേശ്വരിയുടെ പേരും സ്പീക്കർ പദവിയിലേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരി കൂടിയാണ് പുരന്ദേശ്വരി. അവർക്ക് സ്പീക്കർ പദവി നൽകുകയാണെങ്കിൽ ചന്ദ്രബാബുനായിഡുവിനെ അനുനയിപ്പിക്കാൻ ഉതകുമെന്നും ബി.ജെ.പി നേതൃത്വത്തിൽ അഭിപ്രായമുണ്ടെന്നാണ് സൂചന. സ്പീക്കര്‍ പദവിക്കായി രംഗത്തുള്ള ടി.ഡി.പി ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. എൻ.ഡി.എ കക്ഷികളില്‍ സമവായത്തോടെ സ്ഥാനാർഥി വേണമെന്നാണ് ടി.ഡി.പി വക്താവ് നേരത്തെ പറഞ്ഞത്.
അതേസമയം, ബി.ജെ.പി നിര്‍ദേശിക്കുന്നയാളെ പിന്തുണക്കുമെന്ന് ജെ.ഡി.യു നേതാവ് കെ.സി. ത്യാഗി അറിയിച്ചിട്ടുണ്ട്. ടി.ഡി.പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്കി, നിര്‍ണായകമായ സ്പീക്കര്‍ പദവി കൈവശപ്പെടുത്താനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. കാലങ്ങളോളം പിന്തുടര്ന്നുവന്ന കീഴ് വഴക്കമായ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നത് തുടരാമെന്ന ഉറപ്പുലഭിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കുന്നതിനോട് യോജിക്കാമെന്നാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ നിലപാട്. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്കും ഇൻഡ്യ മുന്നണി മത്സരിച്ചേക്കും. 26നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.