ന്യൂഡൽഹി: അദാനിക്കെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് ഓഹരികളിൽ കുത്തനെ ഇടിവുണ്ടായ സാഹചര്യത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രണ്ട് ദിവസത്തിനുള്ളിൽ 19,000 കോടിയോളം രൂപയുടെ നഷ്ടം നേരിട്ടിട്ടും സർക്കാർ ഇൻഷുറർ കമ്പനിയായ എൽ.ഐ.സി ഗൗതം അദാനിയുടെ യൂനിറ്റിലേക്ക് കൂടുതൽ പണം നൽകി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പേര് ‘ലൂട്ട് ഇൻവെസ്റ്റ്മെന്റ് ഫോർ ക്രോണിസ്’ (ചങ്ങാതിമാർക്കുള്ള കൊള്ളപ്പണ നിക്ഷേപം) എന്നാക്കി സർക്കാർ മാറ്റിയതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
അദാനി ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടിയെന്ന റിപ്പോർട്ടിന് ശേഷം ഓഹരി വിപണികളിൽ വൻ ഇടിവ് നേരിട്ടിക്കും എൽ.ഐ.സി അദാനിയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു.
250 മില്യൻ പോളിസി ഹോൾഡർമാരുള്ള എൽ.ഐ.സിയാണ് ഇന്ത്യയിലെ ഏറ്റവും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൊന്ന്. അദാനിയുടെ അഞ്ച് കമ്പനികളിലായി ഒരു ശതമാനം മുതൽ ഒമ്പത് ശതമാനം വരെ നിക്ഷേപമാണ് എൽ.ഐ.സിക്കുള്ളത്. ജനുവരി 24 വരെയുള്ള കണക്കു പ്രകാരം ഇത് ഏകദേശം 722.68 ബില്യൺ രൂപയാണ്.
അദാനി ഗ്രൂപ്പിന്റെ കള്ളക്കളി തുറന്നുകാട്ടപ്പെട്ട ശേഷം എൽ.ഐ.സിക്കും എസ്.ബി.ഐക്കും 78,000 കോടി രൂപയോളം നഷ്ടമുണ്ടായിട്ടും കേന്ദ്ര ധനകാര്യ മന്ത്രിയും അന്വേഷണ ഏജൻസികളും നിശബ്ദത പാലിക്കുന്നതിനെയും കോൺഗ്രസ് ചോദ്യം ചെയ്തു.
എൽ.ഐ.സിയുടെത് പൊതുജനങ്ങളുടെ പണമാണ്. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിനു ശേഷം എൽ.ഐ.സി നിക്ഷേപത്തിന്റെ മൂല്യം 77,000 കോടിയിൽ നിന്ന് 53,000 കോടിയിലേക്ക് ഇടിഞ്ഞു. 23,500 കോടിയുടെ നഷ്ടം. അതു കൂടാതെ, എൽ.ഐ.സി ഓഹരികളിൽ 22,442 കോടിയുടെ നഷ്ടവും രേഖപ്പെടുത്തി. എന്നിട്ടും എന്തുകൊണ്ടാണ് എൽ.ഐ.സി വീണ്ടും 300 കോടി അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചത്? -കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.