ലോട്ടറി രാജാവ്, ഖനന ഭീമൻമാർ, എയർടെൽ; ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത് ഇവർ

ന്യൂഡൽഹി: സുപ്രീംകോടതി അടുത്തിടെ നിരോധിച്ച ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയവരുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 1368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ദാതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ലോട്ടറി രാജാവ് ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. ഖനന ഭീമനായ വേദാന്തയാണ് രണ്ടാംസ്ഥാനത്ത്. ഭാരതി എയർടെല്ലും ആദ്യ പത്ത് ദാതാക്കളുടെ കൂട്ടത്തിലുണ്ട്. സ്റ്റീൽ വ്യവസായിയായ ലക്ഷ്മി മിത്തൽ സ്വന്തം നിലക്ക് 35 കോടി രൂപ ഇലക്ടറൽ ബോണ്ടുകൾക്കായി നൽകിയിട്ടുണ്ട്.

2019 മുതൽ 2023 വരെയുള്ള സ്കീം വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയവരെ കുറിച്ചുള്ള വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്.

ലോട്ടറി രാജാവ് കഴിഞ്ഞാൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഭീമനായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്(എം.ഇ.ഐ.എൽ) ആണ് രണ്ടാമത്തെ വലിയ ദാതാവ്. സോജില ടണൽ പോലുള്ള സുപ്രധാന പ്രോജക്ടുകളിൽ പങ്കാളിത്തമുണ്ട് മേഘക്ക്. എം.ഇ.ഐ.എൽ 966 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്. 410 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ ലോജിസ്റ്റിക് സ്ഥാപനമായ മുംബൈയിലെ ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാംസ്ഥാനത്ത്. യഥാക്രമം 400 കോടി രൂപയും 377 കോടി രൂപയും സംഭാവന നൽകിയ ഖനന ഭീമൻ വേദാന്ത ലിമിറ്റഡും ആർ.പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഹാൽദിയ എനർജിയും മികച്ച പത്ത് ദാതാക്കളിൽ ഉൾപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഭാരതി എയർടെൽ ഗ്രൂപ്പും മറ്റൊരു ഖനന ഭീമനായ എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗണ്യമായ സംഭാവനകൾ നൽകി.

2019 ഏപ്രിൽ 12 മുതൽ 1,000 മുതൽ 1 കോടി രൂപ വരെ മൂല്യമുള്ള ഇലക്‌ട്രൽ ബോണ്ടുകൾ വിൽപ്പന നടത്തിയതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയവരുടെ പട്ടിക

ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പിആർ - 1,368 കോടി രൂപ

മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് -966 കോടി രൂപ.

ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് -410 കോടി രൂപ

വേദാന്ത ലിമിറ്റഡ് -400 കോടി രൂപ

ഹാൽദിയ എനർജി ലിമിറ്റഡ് -377 കോടി രൂപ

ഭാരതി എയർടെൽ ഗ്രൂപ്പ് -247 കോടി രൂപ

എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് -224 കോടി

വെസ്റ്റേൺ യു.പി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് -220 കോടി രൂപ

കെവെന്റർ ഫുഡ് പാർക്ക് ഇൻഫ്രാ ലിമിറ്റഡ് -195 കോടി രൂപ

എം.കെ.ജെ എന്റർപ്രൈസസ് ലിമിറ്റഡ് -192 കോടി രൂപ

Tags:    
News Summary - Lottery king , mining giants, Airtel among top electoral bond buyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.