ചെന്നൈ: ലോട്ടറി രാജാവായി അറിയപ്പെടുന്ന സാൻറിയാഗോ മാർട്ടിനിൽനിന്ന് തെരഞ്ഞെടുപ്പ് ഫണ്ടായി ബി.ജെ.പി നൂറുകോടി രൂപ സ്വീകരിച്ചതായി രേഖ. കേരള- തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഫണ്ട് കൈമാറ്റം നടന്നത്. വൻകിട കോർപറേറ്റുകളിൽ നിന്ന് ദേശീയ- സംസ്ഥാന പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അംഗീകാരമുള്ള ഡൽഹി ആസ്ഥാനമായ പ്രുഡൻറ് ഇലക്ടറൽ ട്രസ്റ്റ് 2021 ഒക്ടോബർ 20ന് തെരഞ്ഞെടുപ്പ് കമീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം.
2020-21 സാമ്പത്തിക വർഷത്തിൽ 245.72 കോടി രൂപ ട്രസ്റ്റിന് ലഭിച്ചു. അതിൽ 209 കോടിയാണ് ബി.ജെ.പിക്ക് നൽകിയത്. 19 വൻകിട കോർപറേറ്റുകളിൽ നിന്നാണ് ഫണ്ട് ലഭിച്ചത്. ബി.ജെ.പിക്ക് ലഭിച്ച 209 കോടിയിൽ നൂറുകോടി രൂപ നൽകിയത് കോയമ്പത്തൂരിലെ മാർട്ടിനാണ്. മാർട്ടിെൻറ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസ് മുഖേന 2021 മാർച്ച് 23, 24 തീയതികളിൽ 50 കോടി രൂപ വീതമാണ് ബി.ജെ.പിക്ക് നൽകിയത്.
സാൻറിയാഗോ മാർട്ടിനുമായി ബി.ജെ.പിയുടെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി ആവശ്യപ്പെട്ടു. ഇത്രയും വലിയ തുക കൈപ്പറ്റിയതിന് പ്രതിഫലമായി ബി.ജെ.പി മാർട്ടിനെ ഏത് വിധത്തിലാണ് സഹായിക്കുന്നതെന്നും അറിയണം. മാർട്ടിന് 30,000 കോടി രൂപയിലധികം ആസ്തിയുണ്ട്. കോയമ്പത്തൂരിലും മറ്റും ഇ.ഡി ഉൾപ്പെടെ വിവിധ കേന്ദ്ര ഏജൻസികൾ നിരവധി റെയ്ഡ് നടത്തിയിരുന്നതായും അഴഗിരി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.