ലഖ്നോ: ഉത്തർപ്രദേശിലെ എല്ലാ ഉച്ചഭാഷിണികളുടെയും ശബ്ദം കുറക്കുകയോ നീക്കം ചെയ്യുകയോ ചെയ്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ബി.ജെ.പി തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷവും അതിന് മുമ്പും കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് ശേഷം കലാപങ്ങളുണ്ടായി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്തോ അതിന് ശേഷമോ യു.പിയിൽ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിന്‍റെ രാമനവമി ആഘോഷങ്ങളും ഹനുമാൻ ജയന്തി ആഘോഷങ്ങളും വലിയ ആവേശത്തോടെ സമാധാനപരമായാണ് ആഘോഷിച്ചത്. ഇതേ യു.പിയിൽ തന്നെ ചെറിയ പ്രശ്നങ്ങളടക്കം മുമ്പ് കലാപങ്ങളിലേക്ക് നയിച്ചിട്ടുണ്ട്- യോഗി പറഞ്ഞു.
സംസ്ഥാനത്ത് ഉച്ചഭാഷിണികൾ പൂർണമായി നീക്കം ചെയ്ത ശേഷം സ്കൂളുകളുടെയും ആശുപത്രികളുടെയും ആവശ്യത്തിനായി അവ സംഭാവന ചെയ്തെന്നും യോഗി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ വിഷയത്തിൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ അറവുശാലകളും അടച്ച് പൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാണകത്തിൽ നിന്ന് സി.എൻ.ജി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം ഒരുക്കി വരികയാണ്. പശുക്കളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യോഗി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.