റായ്പൂർ: മതപരിവർത്തനം, ലവ് ജിഹാദ് എന്നിവ ആരോപിച്ച് രാജസ്ഥാനിൽ മൂന്ന് മുസ്‍ലിം അധ്യാപകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ(എസ്.ഡി.എം) ഓഫിസിന് പുറത്ത് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.
ഷബാന, ഫിറോസ് ഖാൻ, മിർസ മുജാഹിദ് എന്നി അധ്യാപകരെ ഹിന്ദുത്വ ഗ്രൂപ്പുകൾ ലക്ഷ്യം വച്ചതായി വിദ്യാർഥികൾ ആരോപിച്ചു. ഖജൂരിയിലെ ഗ്രാമത്തിലെ സ്കൂളിൽ നിന്ന് സങ്കോട് ടൗണിലെ എസ്.ഡി.എം ഓഫീസിലേക്ക് കിലോമീറ്ററുകൾ നടന്ന് അധ്യാപകരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.എമ്മിനും തഹസിൽദാർക്കും വിദ്യാർഥികൾ നിവേദനം നൽകി. കള്ളക്കേസ് നൽകിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഹിന്ദുത്വ സംഘടനയായ സർവ ഹിന്ദു സമാജ്, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് മൂന്ന് മുസ്‍ലിം അധ്യാപകർ വിദ്യാർഥികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയാണെന്ന് കാണിച്ച് മെമ്മോറാണ്ടം സമർപ്പിച്ചതോടെയാണ് പ്രശ്നത്തിന്‍റെ തുടക്കം. ഹിന്ദു വിദ്യാർഥികളിൽ ഒരാൾ തന്‍റെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ മുസ്ലീം പേര് ഉപയോഗിച്ചുവെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ പ്രസ്തുത പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചെന്നും 2020ൽ സ്‌കൂൾ വിട്ടുപോയെന്നുമാണ് വിദ്യാർഥികൾ എസ്.ഡി.എമ്മിനോട് പറഞ്ഞത്.
സ്കൂളിലെ 15 അധ്യാപകരിൽ ഹിന്ദുക്കളായ 12 പേരും അധ്യാപകർക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. സ്കൂളിൽ ഒരിക്കലും മതപരിവർത്തനമോ ലൗ ജിഹാദോ നടന്നിട്ടില്ല. സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകരുടെ ഭാഗത്തുനിന്ന് അസാധാരണമോ മോശമോ ആയ പെരുമാറ്റങ്ങൾ ഉണ്ടായട്ടില്ലന്നും അധ്യാപകർ പറയുന്നു.
സർട്ടിഫിക്കറ്റിൽ പേര് മാറ്റി എന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടിയെ തനിക്ക് അറിയില്ലെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അധ്യാപകരിൽ ഒരാളായ ഫിറോസ് ഖാൻ പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ആകെ മൂന്ന് മുസ്‍ലിം അധ്യാപകരാണ് സ്കൂളിൽ ഉണ്ടായിരുന്നതെന്നും മതത്തിന്‍റെ പേരിലാണ് സസ്പെൻഷൻ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.