അഹ്മദാബാദ്: ലൗ ജിഹാദിന്‍റെ പേര് പറഞ്ഞ് ഗുജറാത്തിലും മതംമാറ്റ നിരോധന നിയമം നടപ്പാക്കുന്നു. ഇത് സംബന്ധിച്ച് തയാറാക്കിയ മത സ്വാതന്ത്ര്യ ഭേദഗതി ബിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജഡേജ പറഞ്ഞു.
''തെറ്റിദ്ധരിപ്പിച്ചും സമ്മർദ്ദം ചെലുത്തിയുമുള്ള മതംമാറ്റം തടയും. ബലാൽക്കാരത്തിലൂടെയോ വിവാഹത്തിന്‍റെ പേരിലോ വഞ്ചനയിലുടെയോ മതപരിവർത്തനത്തിന് ശ്രമിക്കുന്നത് പുതിയ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്" -ജഡേജ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലവ് ജിഹാദ് ഭീഷണി തടയലാണ് ബിൽ ലക്ഷ്യമിടുന്നത്. പേരുമാറ്റി ഹിന്ദു പെൺകുട്ടികളെ വഞ്ചിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ഈ നിയമപ്രകാരം ശിക്ഷിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ തുടങ്ങിയ ഗുജറാത്ത് നിയമസഭ ബജറ്റ് സമ്മേളനം ഏപ്രിൽ ഒന്നുവരെ നീണ്ടുനിൽക്കും. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഇന്ന് ബജറ്റ് അവതരിപ്പിക്കും.
ബജറ്റ് സമ്മേളനത്തിൽ മതസ്വാതന്ത്ര്യ ധർമ്മ ബിൽ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വഡോദരയിൽ നടന്ന റാലിയിൽ പ്രഖ്യാപിച്ചിരുന്നു. "ലവ് ജിഹാദിനെതിരെ കടുത്ത നിയമം ഒരുങ്ങുന്നുണ്ട്. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരും. പെൺകുട്ടികളെ വഞ്ചിക്കുന്ന പരിപാടി കൂടുതൽ കാലം നിലനിൽക്കില്ല" രൂപാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.