ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജഏറ്റുമുട്ടൽ കൊലക്കേസ് വിചാരണ നടത്തിവന്ന പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവതരമെന്ന് സുപ്രീംകോടതി.
മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് വിവിധ കോടതികളിൽ നൽകിയിട്ടുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റി. ഹൈകോടതികളും ഇതുസംബന്ധമായ കേസുകൾ േമലിൽ പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അേങ്ങയറ്റം ഗൗരവത്തോടെ പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അടുത്ത മാസം രണ്ടിന് വാദം കേൾക്കാനും നിശ്ചയിച്ചു. ബന്ധപ്പെട്ട കക്ഷികൾ കഴിയുന്നത്ര രേഖകൾ അതിനു മുമ്പ് ഹാജരാക്കണം. ബോംബെ ഹൈകോടതിയുടെ നാഗ്പുർ മുംബൈ ബെഞ്ചുകളിൽ നിലനിൽക്കുന്ന രണ്ടു പൊതുതാൽപര്യ ഹരജികളാണ് സുപ്രീംകോടതിയിലേക്ക് മാറ്റുന്നത്.
2014 ഡിസംബർ ഒന്നിനാണ് ജഡ്ജി ബി.എച്ച്. ലോയ നാഗ്പുരിൽ മരിച്ചത്. സഹപ്രവർത്തകെൻറ മകളുടെ വിവാഹത്തിൽ പെങ്കടുക്കാനാണ് നാഗ്പുരിൽ എത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബന്ധുക്കൾ ദുരൂഹത സംശയിക്കുന്നത് കാരവൻ മാസിക പുറത്തുകൊണ്ടുവന്നതോടെയാണ് മരണം വിവാദമായത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന കേസാണ് ലോയ വിചാരണ കേട്ടുവന്ന സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊല. അമിത് ഷായെ പിന്നീട് കുറ്റമുക്തനാക്കി. അമിത് ഷായുടെ പേര് ഉയർത്തിക്കൊണ്ടുവരുന്നതിന് അഭിഭാഷകനെ സുപ്രീംകോടതി വിമർശിച്ചു.
ഇപ്പോഴത്തെ നിലക്ക് ലോയയുടേത് സ്വാഭാവിക മരണമാണെന്നും, ആരെയും അകാരണമായി സംശയനിഴലിൽ നിർത്തരുതെന്നും കോടതി പറഞ്ഞു. ഇൗ കേസ് റിപ്പോർട്ടു ചെയ്യുന്നതിന് ഭാവിയിൽ കോടതി വിലക്ക് ഏർപ്പെടുത്തിയേക്കാമെന്ന് സംശയം പ്രകടിപ്പിച്ചതിൽ അഭിഭാഷക ഇന്ദിര ജയ്സിങ്ങിനോട് കോടതി അമർഷം പ്രകടിപ്പിച്ചു. ബെഞ്ചിെൻറ നിർദേശപ്രകാരം ഇൗ പരാമർശം പിൻവലിച്ച് ഇന്ദിര ജെയ്സിങ് ഖേദം പ്രകടിപ്പിച്ചു. സുപ്രീംകോടതി മാധ്യമങ്ങളെ ഒരിക്കലും വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലുള്ളത്. വിവരാവകാശ നിയമപ്രകാരം സമ്പാദിച്ചതടക്കം എല്ലാ രേഖകളും മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാറിനും പരാതിക്കാർക്കും കോടതി അനുമതി നൽകി. ലോയയുമായി അടുത്തു പ്രവർത്തിച്ച, പിന്നീട് ഹൈകോടതി ജഡ്ജിമാരായ രണ്ടു മുൻ ജില്ല ജഡ്ജിമാരുടെ മൊഴികളും ഇക്കൂട്ടത്തിൽ പെടും.
കോൺഗ്രസ് നേതാവ് തഹ്സീൻ പൂനാവാല, മഹാരാഷ്്ട്രയിലെ പത്രപ്രവർത്തകനായ ബി.എസ്. ലോൺ എന്നിവരാണ് രണ്ടു ഹരജികൾ നൽകിയിട്ടുള്ളത്. ഇൗ കേസ് കേൾക്കാൻ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിനെയാണ് ഏൽപിച്ചതെങ്കിലും, അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ അദ്ദേഹം പിന്മാറി. ചീഫ് ജസ്റ്റിസ് കേസ് വിഭജിച്ചു നൽകുന്നതിൽ പക്ഷപാതം കാണിക്കുന്നുെവന്ന് ആരോപിച്ച് മുതിർന്ന നാലു ജഡ്ജിമാർ ജസ്റ്റിസ് ജെ. ചെലമേശ്വറിെൻറ നേതൃത്വത്തിൽ രംഗത്തുവന്നത്, ലോയ കേസ് അരുൺ മിശ്രയുടെ ബെഞ്ചിനു വിട്ടതിനു പിന്നാലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.