ലുധിയാന: ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവരെ ശ്മശാനത്തിലേക്ക് കൊണ്ടു പോകാൻ വാഹനങ്ങളില്ല. ശ്മശാനങ്ങളിലേക്ക് പോകാനുള്ള വാഹനങ്ങളെ കാത്ത് മൃതദേഹങ്ങൾ ലുധിയാന സിവിൽ ആശുപത്രിയിൽ ക്യൂ നിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ. പ്രദേശത്തെ സ്വകാര്യ ആംബുലൻസുകളും മറ്റു വാഹനങ്ങളും മരിച്ചവരുടെ ബന്ധുക്കളെ കൊള്ളയടിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.
മൂന്ന് കിലോമീറ്റർ ദൂരമുള്ള ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ട് പോകാൻ അവർ ആവശ്യപ്പെടുന്നത് 2500 മുതൽ 3000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. പലരും കടുത്ത ദാരിദ്ര്യത്തിൽ നിന്ന് വരുന്നവരാണ്. നല്ല രീതിയിൽ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ പോലും അവർക്കാകുന്നില്ല. അത്തരക്കാരോടാണ് വാഹനഉടമകൾ കൊള്ള വില ചോദിച്ച് വിലപേശുന്നത്.
ആശുപത്രിയിൽ നിന്ന് ധോലെവാൾ ഇലക്ട്രിക് ശ്മശാനത്തിലേക്ക് അധികം ദൂരമില്ല. വാഹനഉടമകൾ ചോദിച്ച പണം നൽകാനില്ലാത്തതിനാൽ 60 വയസ്സുള്ള അമ്മയുടെ മൃതദേഹം മകൻ സൈക്കിൾ റിക്ഷയിൽ കെട്ടിവെച്ചാണ് ശ്മശാനത്തിലേക്ക് എത്തിച്ചത്. മറ്റൊരു 67 കാരനെ ബന്ധുക്കൾ ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിലാണ്. അവർ ആവശ്യപ്പെടുന്നത് 500 രൂപയാണ് അതു പോലും കടം വാങ്ങിയാണ് പലരും നൽകുന്നത്.
ആശുപത്രി അധികൃതർ സർക്കാർ ആംബുലൻസ് ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സർക്കാർ സംവിധാനത്തിൽ ആംബുലൻസ് വേണമെന്ന് ആശുപത്രി അധികൃതർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇനിയും നടപടിയായിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.