ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ കൊറോണ വൈറസ് ബാധ ചികിത്സിച്ച് ഭേദമാക്കുമെന്ന് അവകാശെപ്പട്ട് രംഗത്തെത്തിയ പാമ്പാട്ടിക്കും രോഗം. കൊറോണ വൈറസിന് പ്രതിവിധി എന്ന പേരിൽ ഇയാൾ ചില മരുന്നുകളും നുറുങ്ങുവിദ്യകളും നാട്ടുകാർക്ക് നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർ ഉടൻ തന്നെ ഇയാളെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
പ്രത്യേക കാമ്പിലെത്തി ഇയാൾ പരിശോധനക്ക് തയാറാകാൻ വിസമ്മതിച്ചെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ നിർബന്ധപൂർവം ഇയാളുടെ സാമ്പിളുകൾ പരിശോധനക്കായി എടുക്കുകയായിരുന്നു. പൊലീസിന്‍റെ സഹായത്തോടെയായിരുന്നു നീക്കം.
തനിക്ക് കോവിഡ് ബാധിക്കില്ലെന്നും കോവിഡ് പ്രതിരോധത്തിന് താൻ മരുന്ന് കഴിക്കുന്നുണ്ടെന്നുമായിരുന്നു പാമ്പാട്ടിയുടെ അവകാശവാദം.
എന്നാൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇയാളോട് അധികൃതർ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് കോവിഡ് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അംഗീകൃത ഡോക്ടർമാരുടെ അടുത്ത് മാത്രമേ ചികിത്സ തേടാവൂവെന്ന് ഡെപ്യൂട്ടി കമീഷണർ വരീന്ദർ കുമാർ ശർമ ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.