ഭോപാൽ: ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ, മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നു. സചിൻ ബിർല എം.എൽ.എയാണ് ഞായറാഴ്ച ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇതുവരെ 27ാമത്തെ എം.എൽ.എയാണ് മധ്യപ്രദേശിൽ ബി.ജെ.പി കൂടാരത്തിലെത്തുന്നത്.
ഖണ്ട്വ ലോക്സഭ ഉപതെരഞ്ഞെടുപ്പ് റാലിയിൽ വെച്ച് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് സചിൻ ബിർല ബി.ജെ.പിയിൽ ചേർന്നത്. 2020 മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ആറ് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 22 കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. പിന്നീട് നാല് കോൺഗ്രസ് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു.
പാർട്ടി മാറാനുള്ള തന്‍റെ തീരുമാനത്തിന് പിന്നിൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനിൽ നിന്ന് ലഭിക്കുന്ന പരിഗണന മുഖ്യ പങ്കുവഹിച്ചതായി ഇന്ന് ബി.ജെ.പിയിൽ ചേർന്ന സചിൻ ബിർല പറഞ്ഞു. '2020 മാർച്ചിൽ കോൺഗ്രസ് സർക്കാർ വീണ ശേഷം, വല്ലഭഭവനിൽ വെച്ച് തന്‍റെ പേര് വിളിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസാരിക്കുകയും മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയും ചെയ്തപ്പോൾ താൻ ആശ്ചര്യപ്പെട്ടു. ഇപ്പോൾ 55 ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നു'' -ബിർല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.