അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരവിരോധം രാജ്യമാകെ ആഞ്ഞടിച്ച 1977ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ കൈവിടാത്ത ചിന്ദ്വാഡ. മധ്യപ്രദേശിൽ അന്ന് പാർട്ടി വിജയിച്ച ഏക മണ്ഡലം. കോൺഗ്രസിന്റെ ഗാർഗി ശങ്കർ മിശ്ര 2369 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽനിന്ന് ഹാട്രിക് വിജയം നേടിയത്. തുടർന്ന് മൂന്നു വർഷത്തിന് ശേഷം 1980ൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് വന്നു. ഇന്നത്തെ പ്രിയദർശിനി സ്റ്റേഡിയമായ അന്നത്തെ ശുക്ല ഗ്രൗണ്ടിൽ കോൺഗ്രസിന്റെ വിശാല ജനസഭയെ അഭിസംബോധന ചെയ്ത ഇന്ദിര ഗാന്ധി, പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും കോൺഗ്രസിനൊപ്പം നിന്ന ചിന്ദ്വാഡക്കാരെ നന്ദിപൂർവം സ്മരിച്ചു.
തുടർന്ന്, ‘ഞാനെന്റെ മൂന്നാമത്തെ മകൻ കമൽനാഥിനെ നിങ്ങളുടെ കൈകളിൽ ഏല്പിക്കുകയാണ്’ എന്ന് പ്രഖ്യാപിച്ചു. അതിൽ പിന്നെ ഉത്തർപ്രദേശിലെ കാൺപുരുകാരനായ മഹേന്ദ്രനാഥ്-ലീലാനാഥ് ദമ്പതികളുടെ ഈ മകൻ ചിന്ദ്വാഡയുടെ പര്യായമായി മാറി. 1980ന് ശേഷം ജനിച്ച രണ്ടോ മൂന്നോ തലമുറകൾക്ക് ചിന്ദ്വാഡയെന്നാൽ ഇന്ദിരയുടെ ഈ ‘മൂന്നാം പുത്രൻ’ ആണ്. ഇന്ദിരയുമായുള്ള ഈ ബന്ധം മക്കളായ സഞ്ജയ് ഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും മരുമകൾ സോണിയ ഗാന്ധിയുമായും പേരമകൻ രാഹുൽ ഗാന്ധിയുമായും കമൽനാഥ് നിലനിർത്തി. ഭോപാൽ വഴിയല്ലാതെ ചിന്ദ്വാഡയിൽനിന്ന് ഡൽഹിയിലേക്ക് നേരിട്ടും തിരിച്ചും പതിറ്റാണ്ടുകളായി പറന്നുകൊണ്ടിരുന്ന കമൽനാഥ് സ്വന്തം ഹെലികോപ്ടറുകൾക്കായി വീട്ടിൽ ഹെലിപാഡും പണിതു. അങ്ങനെ തീർത്ത ഈ പൊന്നാപുരം കോട്ടയിൽ എതിർ സ്ഥാനാർഥി തോൽക്കാനായിമാത്രം വരുന്നതാണ്. 1997ലെ ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമാണ് അപവാദം.
ഹവാല കേസിൽ പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി ഭാര്യ അൽക നാഥിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കി വിജയിപ്പിച്ച് കമൽനാഥ് ലോക്സഭയിലേക്കയച്ചതായിരുന്നു. എന്നാൽ, കേസിൽ ‘ക്ലീൻ ചിറ്റ്’ ലഭിച്ചപ്പോൾ കമൽനാഥിന് വഴിമാറിക്കൊടുക്കാൻ ഭാര്യ അൽക നാഥ് രാജിവെച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്. ഇതിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുന്ദർലാൽ പട് വയോട് കമൽനാഥ് 37,866 വോട്ടിന് തോറ്റു. എന്നാൽ, തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അതേ പട് വയെ കമൽനാഥ് 1,53,398ന്റെ ഭൂരിപക്ഷത്തിന് മലർത്തിയടിച്ച് തട്ടകം തിരിച്ചുപിടിച്ചു.
2019ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച കമൽനാഥ് മുഖ്യമന്ത്രിയായി കോൺഗ്രസ് സർക്കാർ മധ്യപ്രദേശിൽ അധികാരത്തിലെത്തുകയും ചെയ്തു. മുഖ്യമന്ത്രിപദം കിട്ടാത്തതിൽ രോഷാകുലനായ തന്റെ വൈരി ജ്യോതിരാദിത്യ സിന്ധ്യ 15 മാസം കഴിഞ്ഞപ്പോഴേക്കും 22 എം.എൽ.എമാരുമായി കൂറുമാറി കമൽനാഥിനെ വീഴ്ത്തുകയും ചെയ്തു. ആ സഹതാപ തരംഗംകൂടി ഇക്കുറി കമൽനാഥിന് അനുകൂലമായി മണ്ഡലത്തിലുണ്ട്. ചിന്ദ്വാഡ ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇന്ന് കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. മുഖ്യമന്ത്രിയായെങ്കിലും ചിന്ദ്വാഡ ലോക്സഭ സീറ്റ് കൈവിട്ടുകൊടുക്കാതിരുന്ന കമൽനാഥ് അവിടെ മകൻ നകുൽനാഥിനെ വാഴിച്ചു. പട്ടണത്തിന്റെ മുഖംമാറ്റിയ പദ്ധതികളിലൂടെയാണ് ചിന്ദ്വാഡയുടെ മനം കവർന്നത്.
ഒരു ബേക്കറി ഇല്ലാത്തതിനാൽ ബ്രഡ് പോലും കിട്ടാതിരുന്ന സ്ഥലമായിരുന്ന ചിന്ദ്വാഡ ഇന്ന് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന് മധ്യപ്രദേശിൽ ബ്രാഞ്ചുള്ള ഏകനഗരമായി മാറി. ചിന്ദ്വാഡയിൽ ഷോറൂം ഇല്ലാത്ത ബ്രാൻഡഡ് കമ്പനികൾ അപൂർവം. വ്യവസായശാലകളുടെ വരവും നഗരവത്കരണവും വഴി കമൽനാഥ് സൃഷ്ടിച്ച മാറ്റമാണിതെന്ന് ബി.ജെ.പിക്കാർപോലും സമ്മതിക്കും. അതുകൊണ്ടാണ് മധ്യപ്രദേശിന് വേണ്ടത് ഗുജറാത്ത് മോഡൽ അല്ല, ചിന്ദ്വാഡ മോഡൽ ആണെന്ന് കോൺഗ്രസ് മുഖ്യപ്രചാരണമായി മുന്നോട്ടുവെക്കുന്നത്. വികസന പദ്ധതികളിലൂടെ ചിന്ദ്വാഡയും കമൽനാഥും ഒരു പോലെ നേട്ടങ്ങളുണ്ടാക്കി എന്ന് പറയുന്നതാണ് നേര്. ചിന്ദ്വാഡ കുടുംബ തട്ടകമാക്കി മാറ്റിയ കമൽനാഥ് മകൻ നകുൽനാഥിനെകൂടി ചേർത്തുവെച്ച് വികസനത്തിന്റെ പിതൃ-പുത്ര ജോടി എന്ന നിലക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
ചിന്ദ്വാഡയെ കമൽനാഥ് തന്റെ കോട്ടയാക്കി മാറ്റിയത് അത്യധ്വാനം കൊണ്ടാണെന്ന് കോൺഗ്രസ് വക്താവ് കെ.കെ. മിശ്ര പറഞ്ഞു. ജയിച്ചുപോയാൽ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത നേതാക്കൾക്ക് അപവാദമാണ് കമൽനാഥ്. വികസനത്തിന് അനുഗുണമായ തരത്തിൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലി മാറ്റിയ അദ്ദേഹം ചിന്ദ്വാഡയിലെ ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം പങ്കുകൊള്ളാനെത്തുകയും ചെയ്യും. സഹായം തേടിയെത്തുന്നവരുടെ രാഷ്ട്രീയവും നോക്കാറില്ലെന്ന് മിശ്ര പറയുന്നതിലും അതിശയോക്തിയില്ല. ബി.ജെ.പിക്കാരനായ സഹോദരന്റെ കാലൊടിഞ്ഞപ്പോൾ ചികിൽസക്കായി കമൽനാഥ് 40,000 രൂപ സഹായധനം അനുവദിച്ച അനുഭവം പങ്കുവെച്ചത് ചെറുകിട വ്യാപാരിയായ മണിക് ലാൽചന്ദ്രവംശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.