സ്കൂളിലെ കക്കൂസ് കൈകൊണ്ട് കഴുകി ബി.ജെ.പി എം.പി; വിഡിയോ വൈറൽ

ഭോപാൽ: ശുചീകരണ വസ്തുക്കൾ ഇല്ലാതെ സ്കൂളിലെ കക്കൂസ് കൈകൊണ്ട് വൃത്തിയാക്കുന്ന ബി.ജെ.പി എം.പിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മധ്യപ്രദേശിലെ രേവ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം ജനാർദൻ മിശ്രയാണ് സംസ്ഥാനത്തെ ഒരു ഗേൾസ് സ്കൂളിലെ കക്കൂസ് ബ്രഷോ മറ്റ് സംവിധാനങ്ങളോ ഉപയോഗിക്കാതെ കൈകൊണ്ട് കഴുകുന്നത്. വിഡിയോ എം.പി തന്നെയാണ് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

യുവമോർച്ചയുടെ കീഴിൽ പ്രവർത്തിക്കുന്ന സേവാ പഖ്‌വാദയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഖത്ഖാരി ഗേൾസ് സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കിയെന്നാണ് ബി.ജെ.പി എം.പിയുടെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് വരെ ബി.ജെ.പിയുടെ യുവജന വിഭാഗം ശുചീകരണ യജ്ഞം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഇതിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ പങ്കെടുക്കാനാണ് മിശ്ര സ്കൂൾ സന്ദർശിച്ചത്. ഈ സമയത്ത് സ്‌കൂൾ ടോയ്‌ലറ്റിന്റെ വൃത്തിഹീനമായ അവസ്ഥ ശ്രദ്ധയിൽപ്പെടുകയും വൃത്തിയാക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 'ശുചിത്വം പാലിക്കേണ്ടത് ഒരാളുടെ കടമയാണ്. മഹാത്മാഗാന്ധിയും പ്രധാനമന്ത്രി മോദിയും നൽകിയ സന്ദേശമാണിത്. ഇത്തരമൊരു ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമായല്ല'- മിശ്ര കൂട്ടിച്ചേർത്തു.

അതേസമയം, സമൂഹമാധ്യമങ്ങളിൽ എം.പിക്കെതിരെ ട്രോളുകളും വിമർശനവും നിറയുകയാണ്. ശുചീകരണ വസ്തുക്കൾ ഉപയോഗിക്കാതെ എന്തിനാണ് കൈകൾകൊണ്ട് കക്കൂസ് വൃത്തിയാക്കുന്നത് എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. എം.പിയുടെ പ്രവൃത്തിയെ അനുകൂലിച്ചും ചിലർ രംഗത്ത് വന്നു.

Tags:    
News Summary - Madhya Pradesh BJP MP Cleans School Toilet With Bare Hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.