മധ്യപ്രദേശ് മേയർ തെരഞ്ഞെടുപ്പ്; ഏഴ് സീറ്റിൽ ബി.ജെ.പി, മൂന്നിൽ കോൺഗ്രസ്,അക്കൗണ്ട് തുറന്ന് എ.എ.പി

ഭോപാൽ: മധ്യപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലെ 16 മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം വന്ന 11 സീറ്റുകളിൽ ഏഴ് സീറ്റുകൾ ബി.ജെ.പി നേടി. മൂന്ന് സീറ്റുകൾ നേടിയ കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. അതേസമയം, ഒരു സീറ്റിൽ വിജയിച്ച് ആംആദ്മി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നു. സി​ൻഗ്രൗലിയിലാണ് ആംആദ്മി വിജയിച്ചത്.

ഭോപാൽ, ഇ​ൻഡോർ, ഗ്വാളിയോർ, ജബൽപൂർ, സാഗർ, സത്ന, സിൻഗ്രൗലി, ചിന്ദ്വാര, ഖന്ദ്വ, ബുർഹാൻപുർ, ഉജ്ജയ്ൻ തുടങ്ങി ആദ്യ ഘട്ടത്തിൽ മേയർ തെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള ഫലമാണ് വന്നത്. 101 സ്ഥാനാർഥികളായിരുന്നു മത്സരിച്ചത്.

ഭരണകക്ഷിയായ ബി.ജെ.പി നേരത്തെ ഈ 11 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ഏഴ് സീറ്റുകൾ മാത്രമാണ് നിലനിർത്താനായത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രത്തിലും നരേന്ദ്ര സിംഗ് തോമറിന്റെ കോട്ടയായ ചമ്പലിലും പാർട്ടി തോറ്റു.

മൂന്ന് സീറ്റുകൾ നേടിയെങ്കിലും മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗിന്റെ ജന്മനാടായ ഭോപാലിൽ കോൺഗ്രസ് പരാജയപ്പെട്ടു. കമൽനാഥിന്റെ ചിന്ദ്വാര മേഖലയിൽ വിജയിച്ചു.

16 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 11 സീറ്റുകളിലേക്കുള്ള ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ബാക്കി അഞ്ച് സീറ്റുകളിലേക്കുള്ള ഫലം ജൂലൈ 20ന് പ്രഖ്യാപിക്കും.

16 നഗർ പാലിക നിഗം(മേയർ), 99 നഗർ പാലിക പരിഷത്ത്, 298 നഗർ പരിഷത്ത് എന്നിവയുൾപ്പെടെ 413 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 6, 13 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്.

ആദ്യഘട്ടത്തിൽ, 11 മുനിസിപ്പൽ കോർപ്പറേഷനുകളിലും 36 നഗർ പാലികകളിലും 86 നഗർ പരിഷത്തുകളിലും വോട്ടെടുപ്പ് നടന്നു. ഞായറാഴ്ച രാവിലെ 9 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

Tags:    
News Summary - Madhya Pradesh Mayoral Election; BJP in seven seats, Congress in three, AAP opened its account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.