മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി പ്രഖ്യാപിച്ചു. ശിവസേന (യു.ബി.ടി) 21 സീറ്റുകളിലും കോൺഗ്രസ് 17ലും എൻ.സി.പി (എസ്.പി) 10ലും മത്സരിക്കും. സാംഗ്ലി, ഭിവണ്ടി സീറ്റുകളിലെ അവകാശവാദം കോൺഗ്രസ് ഉപേക്ഷിച്ചു. ഈ സീറ്റുകളിൽ ശിവസേനയും എൻ.സി.പിയും മത്സരിക്കും.
സീറ്റിനെ ചൊല്ലി സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയില്ലെന്നും സംസ്ഥാനത്തെ 48 മണ്ഡലങ്ങളിലെയും സീറ്റ് വിഭജനം ഏകകണ്ഠമായാണ് പൂർത്തിയാക്കിയതെന്നും എൻ.സി.പി (എസ്.പി) തലവൻ ശരദ് പവാർ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് സഖ്യത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് ദക്ഷിണ മുംബൈയിലെ ശിവസേന (യു.ബി.ടി) ഓഫിസായ ‘ശിവാലയ’യിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിശാലമനസ്സോടെ’ പ്രവർത്തിക്കാൻ തീരുമാനിച്ചതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പവാറും താക്കറെയും പടോലെയും സീറ്റ് വിഭജനം പ്രഖ്യാപിച്ചത്.
സാംഗ്ലി സീറ്റ് കോൺഗ്രസിന് നൽകാൻ വിസമ്മതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബി.ജെ.പിക്കെതിരായ വിജയം വലിയ ലക്ഷ്യമാകുമ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെക്കേണ്ടതുണ്ടെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. സൂര്യഗ്രഹണവും അമാവാസിയും ബി.ജെ.പി റാലിയും ഒരേ ദിവസം വന്നത് വിചിത്രമായ യാദൃച്ഛികതയാണെന്നും അദ്ദേഹം പരിഹസിച്ചു.
കരാറിന്റെ ഭാഗമായി ജൽഗാവ്, പർഭാനി, നാസിക്, പാൽഘട്, കല്യാൺ, താനെ, റായ്ഗഡ്, മാവൽ, ഒസ്മാനാബാദ്, രത്നഗിരി-സിന്ധുദുർഗ്, ബുൽധാന, ഹത്കനാങ്കാലെ, ഔറംഗബാദ്, ഷിർദി, സാംഗ്ലി, ഹിംഗോലി, യവത്മാൽ- വാഷിം, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ് സീറ്റുകളിൽ ശിവസേന (യു.ബി.ടി) മത്സരിക്കും. നന്ദുർബാർ, ധൂലെ, അകോല, അമരാവതി, നാഗ്പുർ, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി-ചിമൂർ, ചന്ദ്രപൂർ, നന്ദേഡ്, ജൽന, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത്, പുണെ, ലാത്തൂർ, സോലാപൂർ, കോലാപൂർ, രാംടെക് സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. ബാരാമതി, ഷിരൂർ, സത്താറ, ഭിവണ്ടി, ധിൻഡോരി, മാധ, റേവർ, വർധാൻ, അഹമ്മദ്നഗർ സൗത്ത്, ബീഡ് സീറ്റുകളിൽ എൻ.സി.പി (എസ്.പി) മത്സരിക്കും. ഏപ്രിൽ 19 മുതൽ മേയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.