മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ്: 417 കോടി രൂപ ഇ.ഡി കണ്ടുകെട്ടി

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 417 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലും ചേർന്ന് നടത്തുന്ന മഹാദേവ് ഓൺലൈൻ കമ്പനി വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് ആളുകളെ വശീകരിക്കുന്നത്. മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷൻ എന്ന പേരിൽ അനധികൃത വാതുവെപ്പ് വെബ്‌സൈറ്റുകൾ ഉപയോക്താക്കൾക്ക് നൽകുന്നതാണ് ഇവരുടെ രീതി. കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മഹാദേവ് ഓൺലൈൻ കമ്പനിയുടെ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈയിടെ വ്യാപക റെയ്ഡ് നടത്തിയിരുന്നു.

തുടർന്ന് മുതിർന്ന ഐ.പി.എസ് ഓഫീസർമാർ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് ഇ.ഡിക്ക് ബോധ്യപ്പെട്ടിരുന്നു. അതിനിടെ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമയുടെ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് ഡസനിലധികം സ്ഥലങ്ങളിലും ഏജൻസി റെയ്ഡ് നടത്തി. യു.എ.ഇ.യിലെ ഓഫീസിൽ നിന്നാണ് മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പ് പ്രവർത്തിക്കുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വാതുവയ്പ്പിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുക്കിവിടാൻ വലിയ തോതിലുള്ള ഹവാല പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നത്.

വാതുവെപ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാജ ഐഡന്റിറ്റി കാർഡുകൾ, ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ, ഹവാല സംവിധാനം എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ കൂടി ആയിരക്കണക്കിന് കോടികളാണ് കമ്പനി തട്ടിയെടുത്തത്.

ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളിൽ നിയമവിരുദ്ധമായ വാതുവെയ്പ്പ് നടത്തുന്നതിന് ആപ്ലിക്കേഷനിൽ സംവിധാനം ഒരുക്കിയിരുന്നു. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ വാതുവെയ്‌ക്കാനുള്ള അവസരം വരെ ഉണ്ടായിരുന്നതായി ഇ.ഡി. അറിയിച്ചു.

Tags:    
News Summary - Mahadev online betting case: Rs 417 crore confiscated by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.