ഒമ്പതു വയസുകാരിക്ക് ഹൃദയാഘാതം; ശസ്ത്രക്രിയക്കൊടുവിൽ സുഖംപ്രാപിച്ചു

ന്യൂഡൽഹി: സോളാപ്പൂരിൽ ഹൃദയാഘാതമുണ്ടായ ഒമ്പതുവയസുകാരി ശസ്ത്രക്രിയക്കൊടുവിൽ സുഖംപ്രാപിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരാൾക്ക് ഹൃദയാഘാതമുണ്ടാവുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏകദേശം 65 വയസായ ഒരാളിൽ കാണുന്ന രീതിയിലായിരുന്നു പെൺകുട്ടിയുടെ ശരീരത്തിലെ കൊളസ്ട്രോൾ.

ഏപ്രിലിൽ മുംബൈയിലാണ് പെൺകുട്ടിയുടെ ശസ്ത്രക്രിയ നടന്നത്. എന്നാൽ, കുട്ടി പൂർണമായും സുഖം പ്രാപിക്കുന്നത് വരെ ശസ്ത്രക്രിയയെ സംബന്ധിക്കുന്ന വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്ത് വിട്ടിരുന്നില്ല. അവനി നാക്കോട്ടെയെന്ന പെൺകുട്ടിക്കാണ് ഹൃദയാഘാതമുണ്ടായത്.

കളിച്ചുകൊണ്ടിരിക്കുമ്പോൾ അവനിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് പിതാവ് അതുൽ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആൻജിയോഗ്രാഫി ചെയ്തതിൽ നിന്ന് രക്തക്കുഴലുകളിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തുകയും പെൺകുട്ടിയെ മുംബൈയിലേക്ക് കൊണ്ടു വരികയും ചെയ്തു.

600mg/dl ആയിരുന്നു അവനിയുടെ കൊളസ്ട്രോൾ തോത്. സാധാരണയായി 150 മുതൽ 200mg/dl കൊളസ്ട്രോളാണ് ആളുകളിലുണ്ടാവുക. തന്റെ 30 വർഷത്തെ കരിയറിനിടയിൽ നിരവധി ഹൃദയശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു കുട്ടിയിൽ ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നതെന്ന് ഡോ.ശിവപ്രകാശ് കൃഷ്ണനായിക് പറഞ്ഞു.

Tags:    
News Summary - Maharashtra: 9-year-old gets heart attack, recovers after surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.