മുംബൈ: ബി.ജെ.പിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ 'മഹാരാഷ്ട്ര മാതൃക'യിൽ ഒന്നിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ''മഹാരാഷ്ട്രയിൽ പ്രത്യയശാസ്ത്രപരമായി മൂന്ന് വ്യത്യസ്ത ധ്രുവങ്ങളിലുള്ള പാർട്ടികൾ ചേർന്നാണ് മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാർ രൂപവത്കരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഭരണത്തിലുള്ള ഈ സർക്കാർ, രാജ്യത്തെ ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികൾക്ക് പുതുവഴി തുറന്നുതന്നു' -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ പരീക്ഷണം യു.പി.എയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ അനുകരിക്കണം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ 27 പ്രതിപക്ഷ നേതാക്കൾക്ക് അയച്ച കത്ത് ഇതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായും സഞ്ജയ് പറഞ്ഞു.
എല്ലാ പ്രതിപക്ഷ പാർട്ടികളും ഒത്തുചേർന്ന് പുതിയ രാഷ്ട്രീയ സഖ്യം ആവിഷ്‌കരിക്കണം. 1975ന് ശേഷം ജയപ്രകാശ് നാരായണൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിപ്പിച്ചു. നിർഭാഗ്യവശാൽ, ഇന്ന് അത്തരമൊരു നേതാവ് ഇല്ല -അദ്ദേഹം പറഞ്ഞു.
ആർക്കും തനിച്ച് ഭൂരിപക്ഷമില്ലാതിരുന്ന 2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്നാണ് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തിയത്. മഹാ വികാസ് അഘാഡി (എം.വി.എ) എന്ന വിശാല സഖ്യം ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിയാണ് സർക്കാർ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.