മുംബൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയിൽ കടുത്ത പോരിന് അരങ്ങൊരുങ്ങി. ഭരണപക്ഷമായ ബി.ജെ.പി -ഷിൻഡെ പക്ഷ ശിവസേന -അജിത് പവാർ പക്ഷ എൻ.സി.പി കൂട്ടുകെട്ടിലെ ഭരണമുന്നണിയായ മഹായൂത്തിയും കോൺഗ്രസ് -ഉദ്ധവ് പക്ഷ ശിവസേന -പവാർ പക്ഷ എൻ.സി.പി കൂട്ടുകെട്ടിലെ പ്രതിപക്ഷ മുന്നണിയായ മഹാ വികാസ് അഘാഡിയും (എം.വി.എ) തമ്മിലാണ് പോര്. ഇരു മുന്നണികളിലും സഖ്യകക്ഷികൾ തമ്മിൽ സീറ്റുവിഭജന, മുഖ്യമന്ത്രി പദങ്ങളെ ചൊല്ലി തർക്കം തുടരുകയാണെങ്കിലും ഈമാസം 29ന് അന്തിമ തീരുമാനമാകും.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എം.വി.എക്കാണ് മേൽക്കൈ. 48ൽ 30 സീറ്റാണ് എം.വി.എ നേടിയത്. മഹായൂത്തിക്ക് ലഭിച്ചത് 17 സീറ്റ്. 2014ൽ 22 സീറ്റ് നേടിയ ബി.ജെ.പി ഒമ്പതിലേക്ക് കൂപ്പുകുത്തി. സംസ്ഥാനത്ത് പിന്നാക്കം പോയ കോൺഗ്രസിന്റെ തിരിച്ചുവരവുകൂടിയായി ലോക്സഭ തെരഞ്ഞെടുപ്പ്.
സ്ത്രീകൾ, യുവാക്കൾ, ഒ.ബി.സി, ന്യൂനപക്ഷം എന്നിവരെ ആകർഷിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചാണ് എം.വി.എയുടെ സാധ്യതകളെ മഹായൂത്തി നേരിടുന്നത്. അതേസമയം, സിന്ധുദുർഗിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകർന്നുവീണതും ബദ്ലാപുരിൽ നഴ്സറി കുട്ടികൾ പീഡനത്തിന് ഇരയായതും എൻ.സി.പി നേതാവ് ബാബ സിദ്ദീഖി വെടിയേറ്റ് മരിച്ചതും മഹായൂത്തിയെ പ്രതിരോധത്തിലാക്കി.
2019ൽ ബി.ജെ.പി (105) -ശിവസേന (56) സഖ്യം ഭൂരിപക്ഷം നേടിയിട്ടും ശിവസേന മുന്നണി മാറുകയായിരുന്നു. കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്ന് അസാധാരണ മുന്നണി പിറന്നു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുമായി. എന്നാൽ, രണ്ടര വർഷമായിരുന്നു അതിന് ആയുസ്സ്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയെയും അജിത് പവാറിലൂടെ എൻ.സി.പിയെയും ബി.ജെ.പി പിളർത്തി. ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി -ഷിൻഡെ പക്ഷ സഖ്യം ഭരണംപിടിച്ചു. പിന്നീടെത്തിയ അജിത്തിനെ ഉപമുഖ്യമന്ത്രിയുമാക്കി. അജിത്തിന്റ വരവ് ഷിൻഡെ പക്ഷത്തിനും ബി.ജെ.പിയിലെ ഒരു വിഭാഗത്തിനും ആർ.എസ്.എസിനും ദഹിച്ചില്ല. അത് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എങ്കിലും അജിത്തിനെ ബി.ജെ.പി കൈവിട്ടില്ല.
മുംബൈ: ന്യൂനപക്ഷങ്ങളെ അടക്കം വിവിധ മത, ജാതി വിഭാഗങ്ങളെയും സ്ത്രീകൾ, യുവാക്കൾ എന്നിവരെയും ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപനങ്ങളിലൂടെ ഭരണ തുടർച്ചക്ക് സാധ്യത തേടുകയാണ് മഹാരാഷ്ട്രയിലെ ഷിൻഡെ ശിവസേന-ബി.ജെ.പി-അജിത് പക്ഷ എൻ.സി.പി ഭരണസഖ്യം. അജിത് പവാറിലൂടെ ന്യൂനപക്ഷ വോട്ടുകൾ ഭരണ മുന്നണിയിലെത്തിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പ്രതിച്ഛായയിൽ ന്യൂനപക്ഷ, ദലിത് വോട്ട് ബാങ്ക് കോൺഗ്രസിൽ തിരിച്ചെത്തിയതിന്റെ സൂചന കൂടിയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം. അജിതിന് എൻ.സി.പി-കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാനുമായില്ല. സംവരണ സമരത്തിലുള്ള മറാത്തകളുടെ ബി.ജെ.പി വിരോധവും ഉദ്ധവ് പക്ഷ ശിവസേന, കോൺഗ്രസ്, പവാർ പക്ഷ എൻ.സി.പി (എം.വി.എ) സഖ്യത്തിന് ഗുണമായി. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ അടക്കം ലക്ഷ്യമിട്ടുള്ള പദ്ധതികൾ.
മൗലാന ആസാദ് മൈനോരിറ്റീസ് ഫിനാൻഷ്യൽ ഡെവലപ്മെന്റ് കോർപറേഷന്റെ മൂലധനം 1000 കോടിയായി ഉയർത്തിയും ഭൗതിക വിഷയങ്ങൾ കൂടി പഠിപ്പിക്കുന്ന, മദ്റസ നവീകരണ പദ്ധതിയുടെ ഭാഗമായ മദ്റസകളിലെ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയോളം വർധിപ്പിച്ചുമാണ് ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.