മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വ്യാജവാർത്തകൾ നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങൾക്ക് നോട്ടീസ്

മുംബൈ: വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ അടങ്ങിയ 1,752 പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർ. ആവശ്യമറിയിച്ച് വിവിധ സമൂഹമാധ്യമങ്ങൾക്ക് നോട്ടീസ് അയച്ചു. നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടാൻ നിയമപാലകർക്ക് അധികാരം നൽകുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്‍റെ സെക്ഷൻ 79(3) (ബി) പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആക്ഷേപകരമായ പോസ്റ്റുകളിൽ 143 എണ്ണം ഫേസ്ബുക്കിലും 280 എണ്ണം ഇൻസ്റ്റാഗ്രാമിലും 1296 എണ്ണം എക്‌സിലും 31 എണ്ണം യൂട്യൂബിലും രണ്ടെണ്ണം മറ്റ് പ്ലാറ്റ്‌ഫോമുകളിലും കണ്ടെത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് ഇതുവരെ 16 പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്, അതേസമയം 127 പോസ്റ്റുകളിൽ കൂടി നടപടി കാത്തിരിക്കുകയാണ്. നോട്ടീസ് അയച്ചതിന് ശേഷം ഇൻസ്റ്റാഗ്രാം 29 ഉം എക്‌സ് 251 ഉം യൂട്യൂബ് അഞ്ച് പോസ്റ്റുകളും ഇല്ലാതാക്കിയതായി പ്രസ്താവനയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് 420 പരാതികൾ തെരഞ്ഞെടുപ്പ് കമീഷന്‍റെ സി-വിജിൽ ആപ്പിൽ ലഭിച്ചതായും അറിയിച്ചു. ഇതിൽ 414 പരാതികൾ തീർപ്പാക്കിയെന്നും താനെ ജില്ലയിലാണ് ഏറ്റവും കൂടുതൽ തീർപ്പാക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - Maharashtra: Poll authority asks 1,752 'misleading' social media posts to be removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.