അക്രമത്തിനിരയായവ​രെ പ്രത്യേക ബസിൽ യാത്രയാക്കുന്നു

ക്രിസ്ത്യൻ പുരോഹിതനെയും സ്കൂൾ ജീവനക്കാരെയും ട്രെയിനിൽ ഹിന്ദുത്വ സംഘം മർദിച്ചു

സാംഗ്ലി: ക്രിസ്ത്യൻ സന്നദ്ധ സംഘടന നടത്തുന്ന സ്കൂളിൽനിന്ന് ഗോവയിലേക്ക് വിനോദയാത്ര പോയ പുരോഹിതനെയും ഗോത്രവർഗക്കാരടക്കമുള്ള ജീവനക്കാരെയും മതപരിവർത്തനം ആരോപിച്ച് ട്രെയിനിൽ ഒരുസംഘം മർദിച്ചു.

മഹാരാഷ്ട്രയിലെ സാംഗ്ലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അക്രമികൾ ഹിന്ദുത്വ സംഘടന പ്രവർത്തകരാണെന്ന് മർദനമേറ്റ ഫാ. കോൺസ്റ്റി ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ഷിർപൂർ സ്വദേശികളാണ് അക്രമത്തിനിരയായ പുരോഹിതനടക്കമുള്ള 40 പേർ. ഇവ​രെ സിറ്റി പൊലീസ് പ്രത്യേക ബസിൽ കോലാപൂരിലേക്ക് അയച്ചു.

ക്രിസ്ത്യൻ പുരോഹിതൻ ആദിവാസികളെ മതപരിവർത്തനത്തിനായി ഗോവയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ പ്രവർത്തകർ ആക്രമിച്ചത്. മൻമദിൽ വച്ചാണ് ഇവർ ട്രെയിനിൽ കയറിയത്. സാംഗ്ലിയിലെ സെന്റ് പോൾസ് കോളജിൽ രാത്രി തങ്ങി പിന്നീട് ഗോവയിലേക്ക് പോകാനായിരുന്നു പ്ലാൻ. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ഫാ. കോൺസ്റ്റി ഉടൻ പ്രദേശത്തെ വൈദികരെ വിളിച്ച് സഹായം തേടുകയായിരുന്നു. വിവരമറിഞ്ഞ് ​പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി ഇവരെ സെന്റ് പോൾസ് കോളജിലെത്തിച്ചു.

“സന്നദ്ധ സംഘടനക്ക് കീഴിൽ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തുന്നവരാണ് ഞങ്ങൾ. ആദിവാസി സമുദായാംഗങ്ങൾ ഇവിടെ അധ്യാപകരായി ജോലി ചെയ്യുന്നു. നാല് വർഷത്തിലൊരിക്കൽ ഗോവയിലേക്ക് ഒരു യാത്ര പോകാറുണ്ട്. ഇതിനിടെയാണ് ഹിന്ദുത്വ സംഘടനാ അംഗങ്ങളായ ചിലർ ഞങ്ങളെ മർദിച്ചത്. ഞങ്ങൾ ആരെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നില്ല” -ഫാ. കോൺസ്റ്റി പറഞ്ഞു.

Tags:    
News Summary - Maharashtra Christian priest and school staff thrashed by Hindutva group over 'conversion' claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.