മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി മുന്നണിയോട് 12 സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ഈ വർഷം അവസാനത്തോടെയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 288 നിയമസഭ മണ്ഡലങ്ങളാണുള്ളത്.

12 സീറ്റ് ആവശ്യപ്പെട്ട് സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എൻ.സി.പി നേതാവ്‌ ശരദ്‌ പവാർ, സംസ്ഥാന പ്രസിഡന്റ്‌ ജയന്ത്‌ പാട്ടീൽ എന്നിവരുമായി മുംബൈയിൽ കൂടിക്കാഴ്‌ച നടത്തി. വരും ദിവസങ്ങളിൽ ശിവസേന ഉദ്ദവ്‌ വിഭാഗം, കോൺഗ്രസ്‌ നേതാക്കളെയും കാണുമെന്ന്‌ അശോക്‌ ധാവ്‌ളെ അറിയിച്ചു. കൂടിക്കാഴ്ചയിൽ വിനോദ്‌ നിക്കോളെ എം.എൽ.എ, ഡോ. ഉദയ്‌ നർകാർ, ഡോ. അജിത്‌ നാവ്‌ലെ, മുൻ എം.എൽ.എമാരായ നരസയ്യ ആദം, ജെ.പി. ഗാവിത്‌ തുടങ്ങിയവരും പങ്കെടുത്തു.

മഹാരാഷ്ട്രയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. ആകെയുള്ള 48 സീറ്റിൽ 31ലും എം.വി.എ-ഇൻഡ്യ സ്ഥാനാർഥികളാണ് വിജയിച്ചത്. എൻ.ഡി.എ 17 സീറ്റിലൊതുങ്ങി. 2019ൽ എൻ.ഡി.എ 42 സീറ്റുകൾ സ്വന്തമാക്കിയ സ്ഥാനത്താണിത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മഹാവികാസ്‌ അഘാഡിയിലെ ധാരണ പ്രകാരം ദിൻദോരി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയെ പിൻവലിച്ചിരുന്നു. 2019ൽ ഇവിടെ സി.പി.എം സ്ഥാനാർഥി ഒരുലക്ഷത്തിലേറെ വോട്ട്‌ നേടിയിരുന്നു. ഇത്തവണ എൻ.സി.പി (ശരദ് പവാർ വിഭാഗം) സ്ഥാനാർഥി ഭാസ്കർ മുരളീധർ ഭാഗരേ ബി.ജെ.പിയെ തോൽപ്പിച്ചത് 1,13,199 വോട്ടിനാണ്‌.

Tags:    
News Summary - Maharashtra: CPI(M) delegation meets NCP (SC)'s Sharad Pawar, Jayant Patil in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.